ചിങ്ങവനം: ഇന്നലെ ചരിഞ്ഞ ഗജരാജൻ ചാന്നാനിക്കാട് വിജയസുന്ദറിന്റെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. ഡോക്ടർമാരടക്കം അഞ്ചംഗ സംഘമാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. തുടർന്ന് ഉച്ചയോടെ ചാന്നാനിക്കാട് മുളന്താനത്ത് വീട്ടുവളപ്പിൽ സംസ്കരിക്കും.
മുളന്താനത്ത് പരേതനായ രാഘവക്കുറിപ്പിന്റെ ചെറുമകൻ അരുണ്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയ്ക്ക് 43 വയസ് പ്രായമുണ്ടായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് മാസങ്ങളായി മുളന്താനത്ത് പുരയിടത്തിൽ വിശ്രമത്തിലായിരുന്ന ആന 14 ദിവസം മുന്‍പുണ്ടായ ഇരണ്ടക്കെട്ടിനെ തുടർന്ന് ചികിത്സയിലായിരുന്നു.
രോഗലക്ഷണം കണ്ടതിനെ തുടർന്ന് വെറ്ററിനറി ഡോക്ടർ ബിനു ഗോപിനാഥിന്റെ ചികിത്സയിലായിരുന്നു. വനം വകുപ്പിന്റെ നിർദേശപ്രകാരം വിദഗ്ദ സമിതി കൂടി മണ്ണുത്തിയിൽ നിന്ന് ഇന്ന് ഡോക്ടർമാരുടെ സംഘം എത്താനിരിക്കെയാണ് ഇന്നലെ ഉച്ചയോടെ ചരിഞ്ഞത്.
തൃശൂർപൂരം, നെന്മാറ, തിരുവൻവണ്ടൂർ, കലഞ്ഞുർ, തെച്ചിക്കോട്ട്കാവ്, ഇത്തിത്താനം തുടങ്ങിയ നിരവധി പേരെടുത്ത പൂരങ്ങളിൽ തുടർച്ചയായി പങ്കെടുത്തിട്ടുണ്ട്. ഗജരാജപട്ടം, രൗദ്രഭീമൻ പട്ടം, ഗജരാജ കേസരി തുടങ്ങിയ ബഹുമതികളും നേടിയിട്ടുണ്ട്. ആനയുടെ വിയോഗം അറിഞ്ഞ് നിരവധി ആരാധകരാണ് മുളന്താനത്തേക്കെത്തിക്കൊണ്ടിരിക്കുന്നത്.