കേരളത്തിൽ ആദ്യമായി കാർ വാങ്ങി സഞ്ചരിച്ച വ്യക്തി ആലപ്പുഴയിലെ ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ എന്ന ഈഴവ വ്യവസായി ആയിരുന്നു. 1902ൽ അദ്ദേഹം ഇംഗ്ലണ്ടിൽനിന്നു കാർ ഇറക്കുമതി ചെയ്യുകയായിരുന്നു.
ആദ്യമായി മോട്ടോർ സൈക്കിൾ വാങ്ങിയതും അദ്ദേഹംതന്നെയായിരുന്നു. ലോകത്ത് ആദ്യമായി കാർ കണ്ടുപിടിച്ച് 16 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ചാന്നാർ കാർ ഇറക്കുമതി ചെയ്തത്. 1886ലാണ് കാൾ ബെൻസ് കാർ നിർമിക്കുകയും തന്റെ കാറിന്റെ പേറ്റന്റിനായി അപേക്ഷിക്കുകയും ചെയ്തത്.
എന്നാൽ ചാന്നാർ ഈഴവനായതിനാൽ പൊതുവഴിയിലൂടെ അദ്ദേഹത്തിന് കാറിൽ സഞ്ചരിക്കാൻ സാധിക്കില്ലായിരുന്നു. ഇതിനുവേണ്ടി കിലോമീറ്ററുകൾ നീണ്ട റോഡും അദ്ദേഹം സ്വന്തമായി നിർമിച്ചു. ആലപ്പുഴ ടൗൺ ഹാൾ മുതൽ ഠാണാ പടി വരെ നിർമിച്ച റോഡ് പിന്നീട് ദേശീയപാതയുടെ ഭാഗമാവുകയായിരുന്നു. സഞ്ചാരവിലക്ക് മറികടക്കാൻ ചാന്നാർ കാറിന്റെ ഡ്രൈവറായി നായർ സമുദായത്തിലുള്ള ഒരാളെയാണ് നിയോഗിച്ചിരുന്നത്.
1700 നും 1729 നും മധ്യേയാണ് ആലുംമൂട്ടിൽ തറവാട് സ്ഥാപിതമായത്. അയിത്തം നിലനിന്നിരുന്ന അക്കാലത്ത് തീയ്യർ സമുദായത്തിൽപ്പെട്ട ഈ കുടുംബത്തെ തിരുവിതാംകൂർ മഹാരാജാവ് ചാന്നാർ സ്ഥാനം നൽകി ആദരിച്ചു. ചാന്നാർ സ്ഥാനം നൽകുന്നവർക്ക് കരം പിരിക്കുന്നത് ഉൾപ്പടെയുള്ള ചില പ്രത്യേക അധികാരങ്ങളുണ്ടായിരുന്നു.
ആലുംമൂട്ടിൽ തറവാട്ടിലെ 11ാമത്തെ കാരണവരായിരുന്നു കൊച്ചുകുഞ്ഞു ചാന്നാർ. കായംകുളം, പന്തളം എന്നീ രാജവംശങ്ങളുമായി നല്ലൊരു ബന്ധം തറവാട്ടംഗങ്ങൾ പുലർത്തിയിരുന്നു. ഈ രാജ്യങ്ങൾക്ക് പടയാളികളെയും പടക്കോപ്പുകളും നൽകിയിരുന്നത് ചാന്നാരായിരുന്നു. തിരുവിതാംകൂർ കായംകുളം കീഴടക്കിയപ്പോൾ തിരുവിതാംകൂർ രാജകുടുംബവുമായും ചാന്നാർ കുടുംബം അടുത്തു. രാജഭരണകാലത്ത് തിരുവിതാംകൂർ പ്രജാ സഭാ മെമ്പറായിരുന്നു ആലുംമൂട്ടിൽ ചാന്നാർ.
ശ്രീമൂലം തിരുനാൾ മഹാരാജാവുമായും അദ്ദേഹത്തിന് അടുത്ത സുഹൃത്ബന്ധമുണ്ടായിരുന്നു. മുൻകൂർ അനുമതി ഇല്ലാതെ മഹാരാജാവിനെ കാണാൻ കഴിയുന്ന ചുരുക്കം ചില ആളുകളിൽ ഒരാളായിരുന്നു ചാന്നാർ. ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് നിന്ന് മാവേലിക്കരയ്ക്ക് പോകുംവഴി മുട്ടത്താണ് ആലുംമൂട്ടിൽ തറവാട്.
ആലുംമൂട്ടിൽ ചാന്നാർ മേട ഇപ്പോഴും അവിടെയുണ്ട്. നിരവധി മുറികളുള്ള ഈ കൊട്ടാരത്തിലായിരുന്നു ചാന്നാർ താമസിച്ചിരുന്നത്. ഇതിനു മുന്നിലായി ഒരു എട്ടുകെട്ടുമുണ്ട്. മൂന്ന് നിലകളിലായി തടിയിൽ ആണ് നിർമാണം. ഈ മേടയിൽ അകത്തും പുറത്തുമായി 200ഓളം ജോലിക്കാണ് ഉണ്ടായിരുന്നത്.
ധാരാളം ആളുകൾ ഇപ്പോൾ ഇവിടെ എത്താറുണ്ട് മേട കാണാൻ. എന്നാൽ മേടയുടെ ഉള്ളിൽ കയറാൻ പറ്റില്ല. ജനലുകൾക്ക് ഉള്ളിലൂടെ മേടയുടെ ഉൾഭാഗം അൽപ്പമൊക്കെ കാണാൻ കഴിയും.
നൂറുകണക്കിന് ഏക്കർ സ്ഥലം സ്വന്തമായി ഉണ്ടായിരുന്ന ചാന്നാറായിരുന്നു അക്കാലത്ത് തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നികുതിദായകൻ. പത്തൊന്പതാം നൂറ്റാണ്ടിൽ പതിനായിരം രൂപയും അതിനൊത്ത നെല്ലും കരമായി ചാന്നാർ ഖജനാവിലേക്ക് നൽകിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ഭക്തമായിരുന്ന ചാന്നാർ പിന്നീട് ഗുരുവിനും ഒരു കാർ വാങ്ങി നൽകി. ശ്രീനാരായണ ഗുരുവും കുമാരനാശാനുമടക്കമുള്ള പ്രഗത്ഭർ ആലുംമൂട്ടിൽ മേടയിൽ വന്നു താമസിച്ചിരുന്നു.
ചാന്നാർക്ക് കേരളത്തിലും ചെന്നൈയിലുമായി അഞ്ച് മേടകൾ (ചെറിയ കൊട്ടാരം പോലുള്ള വീട്) ഉണ്ടായിരുന്നു. ചെന്നൈയിലുള്ള മേട അദ്ദേഹം ശ്രീനാരായണ ഗുരുവിനു നൽകി. ആലുംമൂട്ടിൽ തറവാട്ടിൽനിന്നു മുസ് ലിം വിഭാഗത്തിൽ പെട്ടവർക്കായി ഒരു വലിയ പള്ളി മുട്ടത്തു പണിയിച്ചു നൽകിയിരുന്നു.
വൈക്കം സത്യഗ്രഹത്തിലൂടെ ചരിത്രം സൃഷ്ടിച്ച ടി.കെ. മാധവൻ, തിരുവിതാംകൂർ-കൊച്ചി കോൺഗ്രസ് പ്രസിഡന്റും സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായിരുന്ന എ.പി. ഉദയഭാനു, തിരുവന്തപുരം മെഡിക്കൽ കോളജ് സ്ഥാപകനും ആദ്യ പ്രിൻസിപ്പലുമായിരുന്ന ഡോ. സി.ഒ. കരുണാകരൻ എന്നിവർ ആലുംമൂട്ടിൽ കുടുംബാംഗങ്ങളാണ്. ഉദയഭാനു കൊച്ചുകുഞ്ഞു ചാന്നാരുടെ പെങ്ങളുടെ മകനായിരുന്നു. വിദ്യാഭാസ പരിഷ്കാരങ്ങൾക്കായി വാദിച്ച ചരിത്രവും മേടയ്ക്ക് സ്വന്തം. ഇന്നത്തെ മേട പണിതത് ഉഗ്രപ്രതാപിയായ കൊച്ചുകുഞ്ഞിന്റെ കാലത്താണ്.
തറവാട് മേടയിൽ വച്ച് 1921 മാർച്ച് ഏഴിന് ആലുമ്മൂട്ടിൽ കൊച്ചുകുഞ്ഞ് ചാന്നാർ കൊലചെയ്യപ്പെടുകയായിരുന്നു. മേടയിൽ മരുമക്കത്തായം അവസാനിപ്പിച്ച് മക്കത്തായം തുടങ്ങാൻ പോകുന്നുവെന്ന ശ്രുതി പരന്നതോടെ ഇരുട്ടിന്റെ മറവിൽ ചതിയിലൂടെ കൊച്ചുകുഞ്ഞ് ചാന്നാരെ അനന്തിരവർ വെട്ടിക്കൊന്നതായാണ് ചരിത്രം. കുറ്റമേറ്റ ചാന്നാരുടെ മൂത്ത അനന്തിരവൻ ശ്രീധരനെ രാജാവ് ഒരു വർഷത്തിനുള്ളിൽ തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കി.
നൃത്തത്തിലും കലകളിലും ചാന്നാർക്കു താത്പര്യമുണ്ടായിരുന്നു. തഞ്ചാവൂരിൽ നിന്ന് ഒരു നർത്തകിയെ കൊണ്ടുവന്ന് ചാന്നാർ വീടിനു സമീപം താമസിപ്പിച്ചിരുന്നു. ഇവരാണ് ചാന്നാരുടെ കൊലയ്ക്ക് പിന്നിലെന്നും കിംവദന്തി ഉണ്ടായിരുന്നു. ഇതാണ് പിന്നീട് ഈ തറവാട്ടുകാരനായ മധു മുട്ടം എന്ന തിരക്കഥാകൃത്ത് മണിച്ചിത്രത്താഴ് എന്ന കഥയാക്കി മാറ്റിയത്. ചാന്നാർ കൊല്ലപ്പെട്ടതോടെ 1927ൽ തറവാട് സ്വത്തുക്കൾ അംഗങ്ങൾക്കായി വീതം വച്ചു നൽകി.
– തയാറാക്കിയത്
എസ്. റൊമേഷ്