തിരുവനന്തപുരം :ആരാദ്യം എന്നതല്ല നേരാദ്യം എന്നതാണ് മാധ്യമരംഗത്തു വേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദൃശ്യമാധ്യമങ്ങൾ വന്നതോടെ മാധ്യമരംഗം ആകെ മാറി. സമൂഹത്തിന് അഭിലഷണീയമല്ലാത്ത ഒരുപാടു പ്രവണതകൾ ഈ രംഗത്തു കടന്നുവന്നിട്ടുണ്ട്. ആരാദ്യം എന്ന ചിന്ത വരുന്നതാണ് ഇതിനു കാരണം.
സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളിൽ എങ്ങനെ വാർത്ത വരണമെന്നതു പോലും ചിലർ തീരുമാനിക്കുന്നുവെന്നാണു കേൾക്കുന്നത്.
ചിലരെ അധിക്ഷേപിക്കുന്നതിനു പോലും ഇക്കൂട്ടർ വില ഉറപ്പിക്കുന്നു. ഈ അവസ്ഥയിലേക്കു മാധ്യമ രംഗം എത്താതിരിക്കാൻ അർപ്പണബോധത്തോടെയുള്ള പ്രവർത്തനമാണു നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ രംഗത്തെ വളർച്ചയുടെ ഭാഗമായി നിന്നവരാണു സീനിയർ ജേർണലിസ്റ്റുകൾ. അവരുടെ പരാതികളും ആവശ്യങ്ങളും സർക്കാർ ഗൗരവത്തോടെ തന്നെ പരിഗണിക്കും. എന്നാൽ ഇന്നു രംഗത്തു കണ്ടുവരുന്ന അപചയങ്ങൾ തിരുത്താൻ സീനിയർ ജേർണലിസ്റ്റുകൾ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഒ.രാജഗോപാൽ എംഎൽഎ, എം.എം.ലോറൻസ് സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ശക്തിധരൻ, ജനറൽ സെക്രട്ടറി കെ.എച്ച്.എം.അഷ്റഫ് എന്നിവരും പ്രസംഗിച്ചു.