ചെന്നൈ: താംബരം സേലയൂരില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും കുടുംബത്തിനും ദാരുണാന്ത്യം. സ്വകാര്യ തമിഴ് ന്യൂസ് ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ പ്രസന്ന (36), ഭാര്യ അര്‍ച്ചന (30), മാതാവ് രേവതി (59) എന്നിവരാണു മരിച്ചത്. വോള്‍ട്ടേജ് വ്യതിയാനത്തെ തുടര്‍ന്നു കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. രാവിലെ ജോലിക്കെത്തിയ വേലക്കാരി ഏറെ നേരം വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്നു ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
സേലൂര്‍ പൊലീസും താംബരം അഗ്നിശമന സേനയും എത്തി നടത്തിയ പരിശോധനയില്‍ മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളും തുണികളും മാത്രമാണു കത്തി നശിച്ചത്. റഫ്രിജറേറ്ററില്‍ നിന്നുള്ള വിഷ വാതകവും, പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷപ്പുകയും ശ്വസിച്ചതാവാം മരണകാരണമെന്നു പൊലീസ് പറഞ്ഞു. എസി പ്രവര്‍ത്തിപ്പിക്കാന്‍ വീട്ടിലെ ജനലുകളും വാതിലുകളും അടച്ചിട്ടത് വിഷവാതകം വീട്ടില്‍ തങ്ങി നില്ക്കാന് കാരണമായെന്നാണു പൊലീസ് നിഗമനം. രാത്രി രണ്ടു മണിയോടെയാകാം അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം.
വീട്ടിലെ സ്വീകരണ മുറിയിലാണു പ്രസന്നയുടെയും, മാതാവിന്റെയും മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ മൃതദേഹം കിടപ്പുമുറിയിലും കണ്ടെത്തി. വാതില്‍ തുറക്കാനുള്ള ശ്രമം നടന്നിരിക്കാമെന്നു പൊലീസ് പറഞ്ഞു. അപകടത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്നും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു. അണ്ണാഡിഎംകെയുടെ വാര്‍ത്താ ചാനലായ ന്യൂസ് ജെ ടിവിയിലെ സീനിയര്‍ റിപ്പോര്‍ട്ടറാണു മരിച്ച പ്രസന്ന.