തിരുവനന്തപുരം: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്തുവെന്നാരോപിച്ച് വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.
ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് ഏഷ്യനെറ്റിന് സംപ്രേഷണം പുനരാരംഭിക്കാൻ അനുമതി നൽകിയത്. രാവിലെ മീഡിയ വണ്ണിനും അനുമതി നൽകി. വിലക്കിനെതിരേ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ രംഗത്തുവന്നതിനു പിന്നാലെയാണ് നടപടി പിൻവലിച്ചത്.
വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയ്ക്ക് കേന്ദ്ര സർക്കാർ 48 മണിക്കൂർ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്.
ഒരു പ്രത്യേക വിഭാഗത്തിന് അനുകൂലമായി ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും റിപ്പോർട്ട് ചെയ്തുവെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറയുന്നത്. ഇത് 1994ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്സ് നിയമങ്ങൾക്ക് എതിരാണെന്ന് മന്ത്രാലയം വിലയിരുത്തി.
ഡൽഹി കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തുവെന്നതിന്റെ പേരിൽ ഫെബ്രുവരി 28ന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരുന്നു. മാർച്ച് മൂന്നിനു ചാനലുകൾ മറുപടി നല്കി.
എന്നാൽ, ചാനലുകളുടെ വിശദീകരണം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം തള്ളുകയായിരുന്നു.