ഈ വാരത്തെ ടെലിവിഷൻ റേറ്റിംഗ് പോയിന്റ് പുറത്തു വന്നപ്പോൾ വിനോദ ചാനലുകളുടെ റേറ്റിംഗിൽ ഗണ്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
ഫുട്ബോൾ, ക്രിക്കറ്റ് മത്സര പ്രക്ഷേപണങ്ങളും സ്കൂൾ വാർഷിക പരീക്ഷകളുമാണ് ഇടിവിനു കാരണമായി വിലയിരുത്തുന്നത്. ഏഷ്യാനെറ്റ് ഒഴിച്ചുള്ള ചാനലുകൾക്ക് ബിഗ്ബോസ് ഷോ ഭീഷണി ഉയർത്തുന്നുണ്ട്.
വിനോദ ചാനലുകളിൽ ഏഷ്യാനെറ്റ് തന്നെയാണ് വ്യൂവർഷിപ്പിൽ ബഹുദൂരം മുന്നിൽ. തൊട്ടുപിന്നിൽ 288 പോയിന്റോടെ മഴവിൽ മനോരമയാണുള്ളത്. ഫ്ളവേഴ്സിന് 286, സീ കേരളത്തിന് 205, സൂര്യ ടിവിക്ക് 191, കൈരളിക്ക് 126, അമൃത ടിവിക്ക് 51 എന്നിങ്ങനെയാണ് റാങ്കിംഗ് നില.
മികച്ച റേറ്റിംഗുള്ള അഞ്ചു വിനോദ പരിപാടികളിൽ ഏഷ്യാനെറ്റിന്റെ പരന്പരകളുടെ ആധിപത്യം തുടരുകയാണ്. വാനന്പാടി പരന്പര ഈ വാരം മുന്നിലെത്തി.
കുടുംബവിളക്കാണ് തൊട്ടുപിന്നിൽ. ബിഗ്ബോസ് 11 പോയിന്റോടെ ആവറേജ് റേറ്റിംഗ് നിലനിർത്തുന്നുണ്ട്. മഴവിൽ മനോരമയിൽ മഞ്ഞിൽ വിരിഞ്ഞ പൂവാണ് പരന്പരകളിൽ മുന്നിലുള്ളത്.
കോടീശ്വരൻ നാലു പോയിന്റോടെ റേറ്റിംഗിൽ തുടരുന്നു. ഫ്ളവേഴ്സ് ടിവി കുട്ടികളുടെ സംഗീത പരിപാടി ടോപ് സിംഗറുമായി 3.5 പോയിന്റുമായി ലീഡ് ചെയ്യുന്നു.
കോമഡി സൂപ്പർ നൈറ്റാണ് രണ്ടാം സ്ഥാനത്ത്. എന്നാൽ ഉപ്പും മുളകും ഏറെ പിന്നിൽ പോകുന്ന കാഴ്ചയും ഈ വാരം കണ്ടു.
സൂര്യ ടിവിയാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ഒരു കാലത്തു പരന്പരകളുമായി മുൻ നിരയിൽ നിന്ന ചാനലിന് ഇന്നു വിനോദ പരിപാടികളിൽ ഒരു പോയിന്റു പോലും നിലനിർത്താനാകുന്നില്ല.
പുതിയ സിനിമകളുടെ ബലത്തിലാണ് ഇപ്പോഴും ചാനൽ നിലനിൽക്കുന്നത്. മികച്ച പ്രോഗ്രാമുകളുടെ അഭാവം തന്നെയാണ് കൈരളിക്കും അമൃതയ്ക്കും വിനയാകുന്നത്.
മലയാള വാർത്താ ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, 24 ന്യൂസ്, ജനം ടിവി എന്നീ ചാനലുകൾ യഥാക്രമം ആദ്യ അഞ്ചിൽ ഇടം നേടുന്നുണ്ട്.
പ്രേം ടി. നാഥ്