നിയാസ് മുസ്തഫ
പഞ്ചാബിൽ രാഷ്ട്രപതി ഭരണം വരുമോയെന്ന ആശങ്കയിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. ഇന്നലെ അദ്ദേഹം നടത്തിയ പ്രസ്താവന വിരൽ ചൂണ്ടുന്നത് ഈ ആശങ്കയിലേക്കാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗൂഡാലോചന കേന്ദ്ര സർക്കാർ നടത്തുന്നതായി ചന്നി ആരോപിക്കുന്നു.
പ്രധാനമന്ത്രി ഇരുപത് മിനിട്ടോളം ഫ്ലൈ ഒാവറിൽ കുടുങ്ങിയ സംഭവത്തിൽ ഇതിനോടകം കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസും തമ്മിൽ കൊന്പുകോർക്കുന്പോഴാണ് ചന്നി ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്.
പഞ്ചാബിനെയും ഇവിടുത്തെ സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചന കേന്ദ്രം നടത്തുന്നു.
സംസ്ഥാനത്തെ സ്ഥിതിഗതികൾ വഷളാക്കാനും രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുമുള്ള ഗൂഢാലോചന നടക്കുന്നു-ചന്നി ആരോപിക്കുന്നു.
ഞങ്ങൾ ദേശീയവാദികൾ
ഞങ്ങളെ കൊലയാളികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. പഞ്ചാബ് ജനത ദേശീയവാദികളാണ്. സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവുമധികം ആളുകൾ പങ്കെടുത്തത് പഞ്ചാബിൽ നിന്നുള്ളവരായിരുന്നു.
അതിനാൽ പഞ്ചാബികളിൽ ഇത്തരം പ്രവർത്തികൾ ആരോപിക്കുന്നത് തെറ്റാണ്. ഞങ്ങൾ രാജ്യത്തിന് വേണ്ടി നിരവധി യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
എവിടെയാണ് പ്രധാനമന്ത്രിയുടെ ജീവനു ഭീഷണിയുണ്ടായത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നോട്ടുപോകാനാവാതെ വന്ന സാഹചര്യത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രതിഷേധക്കാർ ആരും ഉണ്ടായിരുന്നില്ല.
ആരും പ്രധാനമന്ത്രിക്കുനേരേ കല്ലെറിഞ്ഞില്ല. വെടിയുതിർത്തില്ല. മുദ്രാവാക്യം വിളിച്ചില്ല- ചന്നി പറയുന്നു.
തെറ്റായ കഥകൾ അരുത്
ബിജെപി നേതൃത്വം നടത്തുന്നത് സെൻസിറ്റീവ് പ്രസ്താവനകളാണ്. നിങ്ങൾ ഉത്തരവാദിത്തമുള്ള പ്രസ്താവനകൾ നടത്തണം.
ഞങ്ങളുടെ പ്രധാനമന്ത്രിയെ ഞങ്ങൾ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന രീതിയിൽ തെറ്റായ കഥയാണ് നിങ്ങൾ പ്രചരിപ്പിക്കുന്നത്.
പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന യോഗസ്ഥലത്ത് 70,000 കസേരകൾ ഇട്ടിരുന്നെങ്കിലും 700 കസേരകളിൽ പോലും ആളുകൾ വന്നില്ല. എല്ലാ കസേരകളും കാലിയായിരുന്നു.
വേദിക്ക് 10 കിലോമീറ്റർ മുന്പ് യുടേണ് ചെയ്യുന്നതാണ് നല്ലതെന്ന് അവർക്ക് തോന്നി. ഒഴിഞ്ഞ കസേരകൾ ടിവിയിൽ കാണിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവർ ഈ പുതിയ കാര്യം ഉണ്ടാക്കി.
പ്രധാനമന്ത്രി അപകടത്തിലാണ്, അദ്ദേഹം രക്ഷപ്പെട്ടു, അദ്ദേഹത്തിനായി പ്രാർഥനകൾ നടക്കുന്നു… എന്തുകൊണ്ടാണ് നിങ്ങൾ രാജ്യത്തെ തെറ്റായ പാതയിലേക്ക് കൊണ്ടുപോകുന്നത്?
ഞങ്ങൾ ദേശീയവാദികളാണ്, ഓരോ തെരഞ്ഞെടുപ്പ് വരുന്പോഴും നിങ്ങൾ പെട്ടെന്ന് ദേശീയതയെ ഓർത്ത് ദേശീയവാദികളായി നടിക്കുന്നു. – ചന്നി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ട്വിറ്റർ പോസ്റ്റ്
ഇതോടൊപ്പം ചന്നിയുടെ ട്വിറ്റർ പോസ്റ്റ് ഇപ്പോൾ ചർച്ചയായിട്ടുണ്ട്. സർദാർ വല്ലഭായ് പട്ടേലിന്റെ ചിത്രം ഉൾപ്പെടുത്തി സർദാർ വല്ലഭായ് പട്ടേൽ പറഞ്ഞ വാക്കുകൾ ഉൾ പ്പെടുത്തി ചന്നി ട്വിറ്ററിൽ ഇങ്ങനെ പറയുന്നു.
‘തന്റെ കടമയേക്കാൾ തന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ ഉത്കണ്ഠയുള്ള ഒരാൾ, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വലിയ ഉത്തരവാദിത്തം ഏറ്റെടുക്കരുത്.’