കരുവഞ്ചാൽ: ദീർഘനാളത്തെ കാത്തിരിപ്പിനു ശേഷം ചാണോക്കുണ്ട് പാലത്തിനു സാങ്കേതികാനുമതി ലഭിച്ചു. 1.74 കോടി രൂപ നിർമാണ ചെലവലിൽ പുതിയ പാലം നിർമിക്കുന്നതിനായാണ് സാങ്കേതികാനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ ഭരണാനുമതി കിട്ടിയ പാലം സാങ്കേതികാനുമതി ലഭിക്കാത്തതുമൂലം മറ്റു പ്രവൃത്തികൾ നീണ്ടുപോവുകയായിരുന്നു.
കോഴിക്കോട് നിന്നു സൂപ്രണ്ടിംഗ് ഓഫീസർ ടെൻഡർ വിളിക്കുന്ന പ്രകാരം ഉടൻ തന്നെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് തളിപ്പറന്പ് നിയോജക മണ്ഡലം എംഎൽഎ ജയിംസ് മാത്യു അറിയിച്ചു.1950 കളിൽ തളിപ്പറന്പ്-ആലക്കോട്-കൂർഗ് ബോർഡർ റോഡിൽ ചാണോക്കുണ്ട് നിർമിച്ച പാലം കാലപ്പഴക്കത്തെ തുടർന്ന് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലായിരുന്നു.
പാലത്തിന്റെ വീതിക്കുറവ് ഈ കാലയളവുകളിൽ നൂറുകണക്കിന് അപകങ്ങളാണ് ഈ മേഖലയിലുണ്ടാക്കിയത്. പാലത്തിലുണ്ടായ അപകടങ്ങളെ തുടർന്ന് പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്ന നിലയിലാണ്. ആയിരക്കണക്കിനു വാഹനങ്ങളും പതിനായിരക്കണക്കിനു ജനങ്ങളും കടന്നുപോകുന്ന പാലത്തിന്റെ ശോചനീയാവസ്ഥ ഏറെ പ്രതിഷേധങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയാക്കിയിരുന്നു.
പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകലും നിരവധി പ്രത്യക്ഷ സമരങ്ങളും ഈ കാലയളവിൽ നാട്ടുകാർ മുൻകൈയെടുത്ത് പ്രതിഷേധസൂചനമായി സംഘടിപ്പിച്ചു. പാലത്തിന്റെ ആവശ്യം ബോധ്യപ്പെട്ട എംഎൽഎ പാലത്തിനായി ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് പുതിയ പാലം യാഥാർഥ്യമായിരിക്കുന്നത്.