ലോസ് ഏഞ്ചൽസ്: ലോകഭാരോദ്വഹന ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. അമേരിക്കയിലെ അനാഹൈമിൽ നടക്കുന്ന ലോകചാന്പ്യൻഷിപ്പിൽ ഇന്ത്യൻതാരം സായ്ഖോം മീരാഭായ് ചാനുവാണ് കായികഇന്ത്യയുടെ അഭിമാനമായത്. 48 കിലോഗ്രാം വിഭാഗത്തിൽ സ്നാച്ചിൽ 85 കിലോഗ്രാം ഉയർത്തിയ ചാനു ക്ലീൻ ആൻഡ് ജെർക്കിൽ 109 കിലാഗ്രാം ഉയർത്തി സ്വർണമണിഞ്ഞു.
ആകെ 194 കിലോഗ്രാം ഉയർത്തിയ ചാനു ഈ വിഭാഗത്തിൽ ലോകറിക്കാർഡ് സ്ഥാപിച്ചു.
രണ്ടു ദശകത്തിനുശേഷമാണ് ഒരു ഇന്ത്യൻ താരം ലോകചാന്പ്യൻഷിപ്പിൽ സ്വർണം നേടുന്നത്. 1994ലും1995 ലും നടന്ന ലോകഭാരോദ്വഹനചാന്പ്യൻഷിപ്പിൽ ഒളിന്പിക് വെങ്കലജേതാവു കൂടിയായ കർണം മല്ലേശ്വരിയാണ് ഇതിനുമുന്പ് ഇന്ത്യക്കുവേണ്ടി സ്വർണം നേടിയത്.
തായ്ലൻഡ് താരം സുക്ചരോൻ തുന്യയെ വെറും ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് ചാനു രണ്ടാം സ്ഥാനത്തേക്കു തള്ളിയത്. രണ്ടു തവണ ലോകചാന്പ്യൻഷിപ്പ് ടൈറ്റിൽ സ്വന്തമാക്കിയ തുന്യ സ്നാച്ചിൽ 86 കിലോഗ്രാം ഉയർത്തി ചാനുവിനെ രണ്ടാംസ്ഥാനത്തേക്കു തള്ളിയെങ്കിലും ക്ലീൻ ആൻഡ് ജെർക്കിൽ 109 നേടി ചാനുവിന്റെ ടോട്ടൽ 194 ആയതോടെ തുന്യ രണ്ടാമതായി. കൊളംബിയൻ താരം അനാ ഐറിസ് സെഗുരയ്ക്കാണ് വെങ്കലം.
റിയോ ഒളിന്പിക്സിൽ മത്സരിച്ചിരുന്നെങ്കിലും ചാനുവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ക്ലീൻ ആൻഡ് ജെർക്കിൽ മൂന്നു ശ്രമങ്ങളും പാഴായിപ്പോയതിന്റെ വേദനയോടെ മത്സരവേദി വിട്ട ചാനുവിന് മധുരപ്രതികാരം കൂടിയായി ലോകചാന്പ്യൻഷിപ്പിലെ റിക്കാർഡ് സ്വർണനേട്ടം.
2014, 2017 കോമണ്വെൽത്ത് ഗെയിംസിൽ യഥാക്രമം വെള്ളിയും സ്വർണവും ചാനു നേടിയിട്ടുണ്ട്.
ഡിസംബർ അഞ്ചിന് അവസാനിക്കുന്ന ചാന്പ്യൻഷിപ്പിൽ 70 രാജ്യങ്ങളിൽ നിന്നായി നാനൂറോളം അത്ലറ്റുകളാണ് പങ്കെടുക്കുന്നത്. ഇതിൽ ആറ് ഒളിന്പിക് ചാന്പ്യന്മാരും ഉൾപ്പെടും. പുരുഷ-വനിതാ വിഭാഗങ്ങളിലായി എട്ടു വെയ്റ്റ് കാറ്റഗറികൾ ലോകചാന്പ്യൻഷിപ്പിൽ ഉൾപ്പെടുത്തുന്നത് ആദ്യമാണ്.
അഭിനന്ദനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി: ചാനുവിന്റെ സ്വർണനേട്ടത്തിനു രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദനമറിയിച്ചു. അഭിനന്ദനങ്ങളും അതോടൊപ്പം, ചാനുവിന്റെ ഭാവിയിലെ എല്ലാ പരിശ്രമങ്ങൾക്കും ആശംസകളുമെന്ന് രാഷ്ട്രപതി പറഞ്ഞു.
‘നിങ്ങളുടെ നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. മേരി കോം ഉയർത്തിയ അഭിമാനതരംഗത്തിനു തൊട്ടുപിന്നാലെ മറ്റൊരു ഇന്ത്യൻവനിത കൂടി രാജ്യത്തിന്റെ യശസുയർത്തിയിരിക്കുന്നു’: പ്രധാനമന്ത്രി പറഞ്ഞു.
ലക്ഷ്യം ഒളിന്പിക്സ് സ്വർണം: ചാനു
2020ൽ ടോക്കിയോയിൽ നടക്കുന്ന ഒളിന്പിക്സിൽ നേട്ടം ആവർത്തിക്കാൻ കഠിന പരിശീലനം തുടരുമെന്ന് ചാനു മാധ്യമങ്ങളോടു പറഞ്ഞു. മത്സരത്തിനിടെ പേശിവലിവിനെത്തുടർന്ന് ആറുശ്രമങ്ങളിൽ ഒന്നുമാത്രമാണ് ചാനുവിന് വിജയകരമായി പൂർത്തിയാക്കാനായത്. ഇച്ഛാശക്തിയാണ് വിജയം നൽകുന്നത് എന്നതിന്റെ തെളിവാണ് തന്റെ ഈ നേട്ടമെന്നും ചാനു പറഞ്ഞു. മണിപ്പൂർ സ്വദേശിയായ ഈ ഇരുപത്തിമൂന്നുകാരി ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥ കൂടിയാണ്.