മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസത്തിനായി ചെരിപ്പ് പോളിഷു ചെയ്ത് തുക കണ്ടെത്തുകയാണ് സൈയ്തുകുഞ്ഞ്. ബധിരനും മൂകനുമായ മൂവാറ്റുപുഴ കാവുംങ്കര മീത്തിൽ സൈയ്തു കുഞ്ഞെന്ന അറുപതുകാരനാണ് ചെരുപ്പ് പോളിഷ് ചെയ്ത് ലഭിക്കുന്നവരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ ഒരുങ്ങുന്നത്.
എഫ്എസിടിയിൽനിന്ന് വിരമിച്ചയാളാണ് സൈയ്തു കുഞ്ഞ്. രണ്ടു പതിറ്റാണ്ടു മുന്‍പ് കൊല്ലം, എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളും ബസുകളും ശുചീകരിച്ച് സംസ്ഥാനതലത്തിൽതന്നെ ശ്രദ്ധ നേടിയവരാണ് സൈയ്തു കുഞ്ഞും കുടുംബവും. പരിസ്ഥിതി പ്രവർത്തനങ്ങളിലും പൊതുഇടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിലും സജീവമായ ഇടപെടൽ നടത്താൻ വൈകല്യങ്ങളൊന്നും ഇദ്ദേഹത്തിന് തടസമല്ല.
മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ആധുനിക ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മൂന്നുദിവസമാണ് സൈയ്തു കുഞ്ഞ് ചെരിപ്പു പോളിഷ് ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് തുക ശേഖരിക്കുന്നത്. മൂവാറ്റുപുഴ എസ്ഐ കെ.എം. സൂഫി ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ കൗണ്‍സിലർ സി.എം. ഷുക്കൂർ അധ്യക്ഷത വഹിച്ചു. കൗണ്‍സിലർ പി.വൈ. നൂറുദീൻ, കെ.പി. റസാഖ്, എഎസ്ഐ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.