കട്ടപ്പന: മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. പുലർച്ചെ പത്ത് സ്പില്‍വേ ഷട്ടറുകള്‍ അറുപത് സെ.മീ വീതം ഉയര്‍ത്തിയതിനു പിന്നാലെ പെരിയാറിൽ വലിയ ജലപ്രവാഹം ഉണ്ടായി. പെരിയാറിന്റെ തീരത്തെ നിരവധി വീടുകളിൽ വെള്ളം കയറി.
വള്ളക്കടവ് ഭാഗത്തെ പത്ത് വീടുകളിലാണ് വെള്ളം കയറിയത്. രാത്രിയിൽ ഉറങ്ങുന്ന സമയമായിരുന്നതിനാൽ വെള്ളം ഇരച്ചെത്തിയത് പലരും അറിഞ്ഞില്ല.
ഇത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. രാത്രിയിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ ആളാണ് ജലനിരപ്പ് ഉയരുന്നതുകണ്ട് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയത്. ഏഴടിയോളം വെള്ളം പെട്ടെന്ന് ഉയർന്നു.
ഇതോടെ ജനം പരിഭ്രാന്തരായി തടിച്ചുകൂടി. പുലർച്ചെ മുന്നറിയിപ്പുമായെത്തിയ അനൗണ്‍സ്മെന്റ് വാഹനം നാട്ടുകാര്‍ തടഞ്ഞു.
രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളം തുറന്നു വിട്ടിട്ട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞാല്‍ കുട്ടികളും പ്രായമായവരെയും കൊണ്ട് എവിടെപ്പോകുമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
കഴിഞ്ഞ ദിവസവും പുലർച്ചെ തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടിരുന്നു. ഇന്നലെ പുലർച്ചെ മൂന്നിന് ഡാം തുറന്ന് വെള്ളം കൂടുതലായി ഒഴുക്കു മെന്ന് തമിഴ്നാട് അറിയിച്ചത് 2.30നാണ്.
നിലവിൽ തുറന്നിരിക്കുന്ന ഷട്ടറുകൾ കൂടാതെ രണ്ടു ഷട്ടറുകൾ കൂടി അധികമായി തുറന്ന് ജലം പുറത്തേക്കു വിടു മെന്നായിരുന്നുഅറിയിപ്പു വന്നത്.