അന്തരിച്ച അമേരിക്കൻ നടിയും ഗായികയുമായ ജൂഡി ഗാർലൻഡിന്റെ ചുവന്ന വൈരക്കല്ലുകള്‍ പതിച്ച ചെരിപ്പുകള്‍ കണ്ടെടുത്തു. മിന്നസോട്ടയിലെ മ്യൂസിയത്തിൽ നിന്ന് 13 വർഷങ്ങൾക്ക് മുമ്പാണ് ഇവ മോഷണം പോയത്. 1939-ൽ പുറത്തിറങ്ങിയ ദി വിസാര്‍ഡ് ഓഫ് ഓസ് എന്ന ചിത്രത്തില്‍ ജൂഡി ഗാര്‍ലാൻഡ് ഉപയോഗിച്ചിരുന്ന ചെരിപ്പുകളിലൊന്നാണിത്.
2005-ൽ മ്യൂസിയത്തിന്റെ ജനാല തകർത്താണ് കോടികള്‍ വിലമതിക്കുന്ന ചെരുപ്പുകൾ മോഷ്ടിക്കപ്പെട്ടത്. ചെരുപ്പ് കണ്ടെത്തുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം നൽകുമെന്ന് ഒരു ആരാധകൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മോഷണം നടന്നിട്ട് പത്ത് വർഷമായിട്ടും ചെരുപ്പ് കണ്ടെടുക്കാൻ സാധിക്കാതിരുന്നതോടെ പ്രഖ്യാപനം പിൻവലിച്ചിരുന്നു.
ചെരുപ്പ് കണ്ടെടുത്തതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസിൽ അന്വേഷണം നടക്കുകയാണെന്ന് എഫ്ബിഐ പ്രത്യേക ഏജന്റ് ഷോൺ സൻബോൺ പറഞ്ഞു.