പെരുമ്പടവ്: ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് കോലാർതൊട്ടിയിൽ നിർമിച്ച പ്ലാസ്റ്റിക് ശേഖരണ ഷെഡിൽ റീ സൈക്കിൾ ചെയ്യാൻ പറ്റാത്ത മാലിന്യം തള്ളുന്നതായി പരാതി.അടുത്ത പഞ്ചായത്തായ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഒരാളാണ് ് ചപ്പാരപ്പടവ് പഞ്ചായത്തിന്റെ അനുമതി പോലും ഇല്ലാത്ത മാലിന്യം സ്ഥിരമായി തള്ളുന്നത്.
ഹരിതകർമസേന നടത്തിയ അന്വേഷണത്തിൽ ഈ മാലിന്യങ്ങൾക്കിടയിൽ ഒരു സ്കൂൾ തിരിച്ചറിയൽ കാർഡ് ലഭിക്കുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ ആളെ കണ്ടെത്തുകയുമാണ് ഉണ്ടായത്.മാലിന്യ നിക്ഷേപത്തിനെതിരെ നേതൃത്വം നൽകുന്നവരിൽ നിന്ന് തന്നെ ഇത്തരം നടപടി ഉണ്ടായത് കടുത്ത പ്രതിഷേധത്തിന് കാരണമായി.
ഇതിനെ തുടർന്ന് പഞ്ചായത്ത് വിളിച്ചുചേർത്ത സർവകഷി യോഗത്തിൽ പ്രതിയെകൊണ്ട് ഫൈൻ അടപ്പിക്കുന്നതിന് തീരുമാനിച്ചു. പഞ്ചായത്തിൽ ഹരിത കർമ്മസേന വീട് കയറി പ്ലാസ്റ്റിക് ശേഖരിക്കുമ്പോഴാണ് ഇത്തരം അവസ്ഥ. മാലിന്യം കൊണ്ടുവന്ന് തള്ളുന്ന വണ്ടിക്കാർക്ക് എതിരെയും നടപടി സ്വീകരിക്കുന്നതിനായി പഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി നൽകി.
മാലിന്യം തള്ളുന്നത് ആര് തന്നെയായാലും മുഖം നോക്കാതെ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.മൈമൂനത്ത് പറഞ്ഞു.