കോഴിക്കോട്: ജയിലുകളില് നിര്മിക്കുന്ന ചപ്പാത്തിക്കു വില കൂട്ടുന്നു. നാളെ മുതല് വിലവര്ധന നിലവില് വരും. ഒരു രൂപയാണു കൂട്ടുന്നത്. നിലവില് ഒരു ചപ്പാത്തിക്ക് രണ്ടു രൂപയാണ്. ഇതു മൂന്നായി ഉയരും. പത്തെണ്ണത്തിന്റെ പാക്കറ്റിന്റെ വില ഇരുപതു രൂപയില് നിന്ന് മുപ്പതായി വര്ധിക്കും.
തിരുവനന്തപുരം, കണ്ണൂര്, വിയ്യൂര് സെന്ട്രല് പ്രിസണ് ആന്ഡ് കറക്ഷന് ഹോമുകള്, ചീമേനി തുറന്ന ജയില്, കോഴിക്കോട്, എറണാകുളം, കൊല്ലം ജില്ലാ ജയിലുകള് എന്നിവിടങ്ങളിലാണ് ചപ്പാത്തി നിര്മാണ യൂണിറ്റുകള് ഉള്ളത്.
2011ല് ആണ് ജയിലുകളില് ചപ്പാത്തി നിര്മാണം തുടങ്ങിയത്. അന്നുമുതല് രണ്ടു രൂപയായിരുന്നു വില. ഗോതമ്പുപൊടിയുയെും മറ്റും വില വര്ധിച്ച സാഹചര്യത്തിലാണ് ചപ്പാത്തിവില കൂട്ടാന് സര്ക്കാര് തീരുമാനിച്ചത്.
ജയില് ചപ്പാത്തിക്കും കറിക്കും നല്ല ഡിമാന്റാണുള്ളത്. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറില് പ്രത്യേക വാഹനത്തില് ജയില്ചപ്പാത്തി വില്ക്കുന്നുണ്ട്. ജയിലിലും ഇവ കിട്ടും. പൊതു വിപണിയെ അപേക്ഷിച്ച് വില കുറവായതിനാല് ഏറെ ആളുകളെ ആകര്ഷിക്കാന് ഈ പദ്ധതിക്കു കഴിഞ്ഞിട്ടുണ്ട്.