കോതമംഗലം: മണികണ്ടംചാലിൽ പാലവും റോഡും വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതുമൂലം വെള്ളാരംകുത്ത് ആദിവാസി കോളനി നിവാസിയായ ടോമി ( 52 )മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് അവശനിലയിലായ ടോമിയെ അർധരാത്രിയിൽ പുഴ കടത്തി ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് പറയുന്നു.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരിക്കുകയായിയിരുന്നു. ഒരാഴ്ചയിലേറെയായി മണികണ്ടംചാൽ ചപ്പാത്ത് വെള്ളത്തിൽ മൂടിയിരുന്നു. ഇടയക്ക് ക്രമാതീതമായി ജലനിരപ്പ് ഉയരുമ്പോൾ മണികണ്ടം ചാലിലെ റോഡിലും വെള്ളം കയറിയിരുന്നു.
പുതിയ പാലമെന്ന ഇന്നാട്ടുകാരുടെ സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ മഴക്കാലത്തേയും പേടിപ്പെടുത്തുന്ന ഓർമ്മകൾ ഇവരെ കണ്ണീരിലാഴ്ത്തുന്നു. രോഗികൾക്ക് അടിയന്തിര ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത കളേയും യാത്രാ സാഹചര്യങ്ങളേയും കുറിച്ച് രാഷ്ട്ര ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വനം വകുപ്പിന്റെ പിടിവാശിയാണ് പാലം പണിക്ക് തടസ്സമെന്നും നാട്ടുകാർ പറയുന്നു. ഈ ദുരവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മണികണ്ടംചാൽ: കോൺഗ്രസ് പ്രക്ഷോഭത്തിന്
കോതമംഗലം: മണികണ്ടംചാലിൽ ചപ്പാത്ത് പാലം വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ട് ആശുപത്രിയിൽ എത്തിക്കാനാകാതെ രോഗി മരിച്ച സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. സി .ജെ. എൽദോസ് ബേബി മൂലയിൽ ഫ്രാൻസീസ് ചാലിൽ എന്നിവർ പ്രസംഗിച്ചു.