കോഴിക്കോട്: സപ്ലൈക്കോയില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ മാത്രം വിതരണം ചെയ്താല്‍ മതിയോ…ഒരു ജോഡി ചെരിപ്പും ഇരിക്കട്ടെ എന്നു വിചാരിച്ചാല്‍ കുഴപ്പമുണ്ടോ…?
എന്തായാലും ഭാഗ്യം തൊഴിലാളികള്‍ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ ഗോതമ്പ് ചാക്കിനൊപ്പം ആരോ ഉപയോഗിച്ച് പഴകിയ ചെരുപ്പും റേഷനകടയില് എത്തിയേനെ.
വടകര വില്യാപ്പള്ളിയില്‍ സപ്ലൈകോയുടെ എന്‍എഫ്എസ്എ ഗോഡൗണിലാണ് സംഭവം. റേഷന്‍ കടയിലേക്ക് കൊണ്ടുപോകാനായി ഗോതമ്പ് ചാക്ക് കയറ്റുന്നതിനിടയിലാണ് ഒരു ഭാഗം മുഴച്ചുനില്‍ക്കുന്നത് കണ്ടത്.
ചാക്കിലെ തുന്നലുകള്‍ ഓരോന്നായി അഴിച്ചെടുത്തു. അപ്പോഴാണ് ചാക്കില്‍ രണ്ടു ചെരുപ്പുകള്‍ കണ്ടത്. ഉടനെ ഇതെടുത്തു മാറ്റുകയായിരുന്നു.
സാധാരണയായി തുന്നിക്കെട്ടിയ ചാക്കില്‍നിന്ന് പാന്‍പരാഗ്, കടലാസു കഷണങ്ങള്‍, ഉപയോഗിച്ച പേപ്പറുകള്‍ തുടങ്ങിയവ കിട്ടാറുണ്ടെന്നു പറയുന്നു. മധ്യപ്രദേശില്‍നിന്നും നല്ലപോലെ പായ്ക്ക് ചെയ്തു വന്നതാണ് ഗോതമ്പ്.
അല്ലെങ്കില്‍ റേഷന്‍ കടയിലെത്തിയ ശേഷം കടക്കാരന് ചാക്ക് അഴിക്കുമ്പോള്‍ മാത്രമാണ് ചെരുപ്പ് പുറത്തുവരിക. കഴിഞ്ഞ മാസം മായനാട്ടെ റേഷന്‍ കടയില്‍നിന്ന് ഒരാള്‍ വാങ്ങിയ ഗോതമ്പില്‍ ചത്ത എലിയെ കിട്ടിയിരുന്നു.
വീട്ടുകാര്‍ എലിയെ പുറത്തെടുത്തു വച്ചപ്പോഴേക്കും കാക്ക കൊത്തി കൊണ്ടുപോയി. തുടര്‍ന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തിയിരുന്നു.
ഇതും അന്വേഷിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതരസംസ്ഥാനത്തുനിന്നും എത്തിയതായതിനാല്‍ ‘അന്വേഷണം പരിധിക്ക് പുറത്താകുമോ’ എന്ന ആശങ്കയും ഉണ്ട്. ്