കൊണ്ടോട്ടി: കരിപ്പൂരിൽ യാത്രക്കാരന്റെ ചെരിപ്പിനുള്ളിലെ കളിമണ്‍ വസ്തുവിൽ നിന്നു ഡയറക്ട്റേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) സംഘം വേർതിരിച്ചെടുത്തതു 35 ലക്ഷം രൂപയുടെ സ്വർണം. ഇന്നലെ രാവിലെ എട്ടിനു ദുബായിൽ നിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് കാക്കൂർ സ്വദേശി കുഞ്ഞായിൻ കോയ(33)യിൽ നിന്നാണ് സ്വർണം ഒളിപ്പിച്ച ചെരിപ്പ് ഡിആർഐ സംഘം കണ്ടെത്തിയത്. ഇയാൾ ധരിച്ച ചെരിപ്പിനുളളിൽ കളിമണ്ണിന്റെ രൂപത്തിലുള്ള വസതുവിൽ സ്വർണം തരികളാക്കി ഒളിപ്പിച്ച രീതിയിലായിരുന്നു.
ഇതു വേർതിരിച്ചെടുക്കാനും മൂല്യം കണക്കാക്കാനും ഡിആർഐ സംഘം ഏറെ പണിപ്പെട്ടു. പിന്നീട് സ്വർണത്തൊഴിലാളിയുടെ സഹായത്തോടെ സ്വർണത്തരികൾ വേർതിരിച്ചെടുക്കുകയായിരുന്നു. 24 കാരറ്റുളള 1.23 കിലോ സ്വർണമാണ് കണ്ടെത്തിയത്. ഇവ മാർക്കറ്റിൽ 35 ലക്ഷം രൂപ വിലലഭിക്കും. സ്വർണക്കടത്തിന് പുതിയ തന്ത്രങ്ങളും വിദ്യകളും മെനഞ്ഞ് കള്ളക്കടത്ത് സംഘം വീണ്ടും കരിപ്പൂരിൽ പിടിമുറുക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ 30 കിലോക്ക് മുകളിൽ സ്വർണമാണ് കരിപ്പൂരിൽ പിടികൂടിയത്.
അതിവിദഗ്ധമായി സ്വർണം ഒളിപ്പിച്ചു കടത്തിയ രീതിയാണ് ഇന്നലെ കണ്ടെത്തിയത്. അടിവസ്ത്രത്തിലും ഇലക്ട്രോണിക് യന്ത്രങ്ങളിലും സ്വർണം കടത്തുന്നതിൽ നിന്നു വ്യത്യസ്തമായി ചെരിപ്പിനുളളിൽ തരികളാക്കിയുളള സ്വർണക്കടത്ത് അധികൃതരെയും അന്പരപ്പിച്ചിട്ടുണ്ട്.