മയക്കുമരുന്നായ “കൊക്കെയ്ൻ’ ആയിരുന്നു എൽ ചാപ്പോയുടെ ഇഷ്ടവസ്തു. അതയാൾ മെക്സിക്കോയിലെ തന്റെ സങ്കേതത്തിൽ നിർബാധം നിർമിച്ചു.ടൺകണക്കിന് കൊക്കെയ്ൻ അമേരിക്കയുടെ മണ്ണിലേക്കു കയറ്റുമതി ചെയ്തു സന്പ ത്തു കൊയ്തു.
കൊക്കെയ്നു പുറമേ ഹെറോയിൻ, മെത്താംഫിറ്റമിൻ, മരിജുവാന തുടങ്ങിയവയുടെ മൊത്തക്കച്ചവടവും എൽ ചാപ്പോയുടെ കുത്തകയായിരുന്നു. നിരവധി പരിശീലനം സിദ്ധിച്ച ഷൂട്ടർമാർ അടങ്ങുന്ന ചാപ്പോയുടെ കൊലയാളി സംഘം നൂറുക്കണക്കിനു കൊലപാതകങ്ങളും ആക്രമണങ്ങളും നട ത്തി.
തട്ടിക്കൊണ്ടുപോകലും പീഡിപ്പിക്കലും മറ്റുമായി മയക്കുമരുന്നു സാമ്രാജ്യത്തെ ഭീതി യിലും വരുതിയിലും നിർത്താൻ ഇയാൾക്കു കഴിഞ്ഞു.
ഏതു ജയിലും ചാടും
1993ൽ കർദിനാൾ പോസദാസ് ഒകാംപോയെ വധിച്ചതിന്റെ പേരിലാണ് ആദ്യമായി എൽ ചാപ്പോ അറസ്റ്റിലാവുന്നതും ഇരുപതു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് അകത്താകുന്നതും. എട്ടു വർഷം കഴിഞ്ഞപ്പോഴേക്കും എൽ ചാപ്പോ പുറത്തു ചാടി.
2001ൽ മെക്സിക്കോയിലെ പ്ലൂവന്റ ഗ്രാൻഡെ എന്ന അതിസുരക്ഷിത ജയിലിനുള്ളിൽനിന്ന് ഒരു ലോൺഡ്രി കാർട്ടിനുള്ളിൽ ഒളിച്ചിരുന്നാണ് എൽ ചാപ്പോ രക്ഷപ്പെട്ടത്.
രക്ഷപ്പെടാൻ തുരങ്കം
വർഷങ്ങൾക്കു ശേഷം 2014ൽ എൽ ചാപ്പോ വീണ്ടും പിടിയിലായി. മെക്സിക്കോയിലെ അൽട്ടിപ്ലേനോ ഹൈ സെക്യൂരിറ്റി ജയിലിലായിരുന്നു ഇത്തവണ എൽ ചാപ്പോയെ പാർപ്പിച്ചത്. സെക്യൂരിറ്റി കൂടുന്നതനുസരിച്ചു ജയിൽചാട്ടത്തിനുള്ള വിദഗ്ധമായ പ്ലാനുകളും എൽ ചാപ്പോ തയാറാക്കി പോന്നു.
ഇത്തവണ ജയിലിനോടു ചേർന്ന് ഒരു സ്ഥലം അയാളുടെ മക്കൾ വിലയ്ക്കുവാങ്ങി. എന്നിട്ട് അവിടെ ഒരു കെട്ടിടം പണിയാൻ തുടങ്ങി. ജയിലിനുള്ളിൽ എൽ ചാപ്പോ കിടക്കുന്ന സെല്ലിനുള്ളിലേക്ക് ഒരു ജിപിഎസ് ഉള്ള വാച്ച് രഹസ്യമായി കൊടുത്തയച്ചു.
ആ വാച്ചിലെ ജിപിഎസ് ലൊക്കേഷൻ മനസിലാക്കി കെട്ടിടം പണിയുന്ന സ്ഥലത്തുനിന്നു ജയിലിൽ ചാപ്പോ കിടക്കുന്ന സെല്ലിന്റെ ചുവട്ടിൽ എത്തുന്ന തരത്തിൽ ഒരു തുരങ്കം നിർമിച്ചു.
അന്പരപ്പിച്ച്
കെട്ടിട നിർമാണത്തിന്റെ മറവിലായിരുന്നു ഇതെല്ലാം ചെയ്തത്. നല്ല ശബ്ദത്തിൽ കെട്ടിടനിർമാണ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നതിനാൽ തുരങ്കനിർമാണത്തിന്റെ ശബ്ദം ജയിൽ ഉദ്യോഗസ്ഥർക്കു മനസിലാക്കാനായില്ല.
തുരങ്കത്തിൽ ഉടനീളം ലൈറ്റുകളും വെന്റിലേഷനും ഒക്കെയുണ്ടായിരുന്നു. ആ തുരങ്കത്തിലൂടെ പോകാൻ കണക്കാക്കി രൂപമാറ്റം വരുത്തിയ കുഞ്ഞു മോട്ടോർ ബൈക്കും ഉണ്ടാക്കി. ഇതിൽ കയറിയാണ് എൽ ചാപ്പോ ഇത്തവണ രക്ഷപ്പെട്ടത്.
എത്ര തവണ പിടിച്ചു ജയിലിനകത്ത് ഇട്ടാലും അവിടുന്നെല്ലാം വളരെ വിദഗ്ധമായി എൽ ചാപ്പോ പുറത്തു ചാടും. അതുകൊണ്ടുതന്നെ അത്തവണ എൽ ചാപ്പോയെ പിടികൂടിയപ്പോൾ മെക്സിക്കോ ഭരണകൂടം ഒരു കാര്യം ചെയ്തു.
(തുടരും).