എത്ര തവണ പിടിച്ചു ജയിലിനകത്ത് ഇട്ടാലും അവിടുന്നെല്ലാം വളരെ വിദഗ്ധമായി എൽ ചാപ്പോ പുറത്തു ചാടും. എത്ര പേർ കാവൽനിന്നിട്ടും കാര്യമില്ല.കാരണം, എൽചാപ്പോയ്ക്ക് അത്രയധികം സ്വാധീനം പോലീസിലും ഉദ്യോഗസ്ഥരിലും പുറത്തും ഉണ്ടായിരുന്നു.
ഈ അധോലോക നായകനെ രക്ഷിക്കാനും മോചിപ്പിക്കാനും എത്ര പണവും സംവിധാനങ്ങളും ഒരുക്കാൻ വലിയ സേന തന്നെ പുറത്തുള്ളപ്പോൾ രക്ഷപ്പെടൽ എൽചാപ്പോയ്ക്ക് അത്ര വലിയ കാര്യമായിരുന്നില്ല. എത്ര സന്നാഹം ഒരുക്കിയിട്ടും എൽ ചാപ്പോയുടെ ജയിൽചാട്ടം തടയാൻ കഴിയാത്തതു മെക്സിക്കൻ സർക്കാരിനുതന്നെ നാണക്കേടായി മാറിത്തുടങ്ങി.
അതുകൊണ്ടുതന്നെ ഒരു തവണ എൽ ചാപ്പോയെ പിടികൂടിയപ്പോൾ മെക്സിക്കോ ഭരണകൂടം തലപുകച്ചു. രാജ്യത്തിനു തന്നെ തലവേദനയായ എൽ ചാപ്പോയെ ഒതുക്കാൻ അവർ ഒടുവിൽ ഒരു വഴി കണ്ടെത്തി.
എൽ ചാപ്പോയ്ക്കെതിരേ ലഹരി കടത്ത് അടക്കം നിരവധി കേസുകൾ അമേരിക്കയിലും രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഇയാളെ അമേരിക്കയ്ക്കു കൈമാറി തലവേദന ഒഴിവാക്കാൻ തീരുമാനിച്ചു.
അമേരിക്കൻ ജയിൽ
ചാപ്പോയെ എങ്ങനെയും കൈയിൽ കിട്ടാൻ കാത്തുകാത്തിരിക്കുകയായിരുന്നു അമേരിക്ക. തീരുമാനം വന്ന പുറകെ അവർ എൽചാപ്പോയെ കസ്റ്റഡിയിൽ വാങ്ങി വൻ സുരക്ഷയിൽ പാർപ്പിച്ചു. യുഎസ് കോടതിയിൽ ഹാജരാക്കി കേസുകളിൽ വിചാരണ നടത്തി.
യുഎസിലെ കോടതി ചാപ്പോയെ 30 വർഷത്തെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കൊളറാഡോയിലെ ഏറ്റവും സുരക്ഷിതമായ ജയിലായ എഡിഎക്സ് ഫ്ലോറൻസിലാണ് ഇപ്പോൾ എൽ ചാപ്പോയെ പാർപ്പിച്ചിരിക്കുന്നത്.ജയിലിൽനിന്ന് എൽ ചാപ്പോയെ രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിന് അദേഹത്തിന്റെ ഭാര്യ എമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലാകുന്പോൾ എമ്മയ്ക്കു 31 വയസായിരുന്നു. എൽ ചാപ്പോയ്ക്ക് 63 വയസും. തന്റെ ഭർത്താവ് അതിക്രൂരനാണ് എന്ന് അറിഞ്ഞിട്ടുകൂടി അയാളെ രക്ഷപ്പെടുത്താൻ എമ്മക്കു കൂട്ടുനിൽക്കേണ്ടി വന്നു.
ഫോർബ്സ് മാസികയിലും!
ലോകത്തിലെ സന്പന്നരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാറുള്ള ഫോർബ്സ് മാസികയിൽ പോലും ഈ അധോലോക നായകൻ ഇടംപിടിച്ചു. 2009ലാണ് എൽ ചാപ്പോ ഫോർബ്സ് മാസികയിൽ ഇടം നേടിയത്.
ലോകത്തിലെ ഏറ്റവും ധനികരായ ആയിരം പേരുടെ ലിസ്റ്റിൽ എഴുനൂറ്റി ഒന്നാമതായാണ് ചാപ്പോ സ്ഥാനം പിടിച്ചത്. അന്ന് അയാളുടെ വരുമാനം 100 കോടി ഡോളർ ആയിരുന്നു.
എൽ ചാപ്പോയ്ക്ക് നാട്ടിൽ ഒരു അധോലോക രാജാവിന്റെ പരിവേഷമാണ്. സിനലോവ അറിയപ്പെടുന്നത് തന്നെ ‘എൽ ചാപ്പോ’യുടെ കുപ്രസിദ്ധിയിലാണ്. അവിടത്തെ ബേസ് ബോൾ തൊപ്പികളിൽ വരെ ചാപ്പോയുടെ മുഖവും 701 എന്ന ഫോർബ്സ് മാസികയുടെ റാങ്കിംഗും ഒക്കെ കാണാം.
സിനലോവയിലെ കോടതി
സിനലോവയിലെ കോടതി ഏതാണെന്നു ചോദിച്ചാൽ മിക്കപ്പോഴും ഉത്തരം എൽ ചാപ്പോ എന്നായിരുന്നു. കാരണം, പല തർക്കങ്ങൾക്കും തീരുമാനമുണ്ടാക്കാൻ ജനങ്ങൾ സർക്കാരിനേക്കാൾ ആശ്രയിച്ചിരുന്നതു ചാപ്പോയെ ആയിരുന്നു.
മാത്രമല്ല, സിനലോവയിൽ പല കാര്യങ്ങളും നടക്കണമെങ്കിൽ ചാപ്പോ അനുവദിക്കണമായിരുന്നു. അതുകൊണ്ടു തന്നെ സർക്കാർ തീരുമാനത്തേക്കാൾ എളുപ്പം നടപ്പാവുന്നതു എൽ ചാപ്പോയുടെ ഉത്തരവുകളായിരുന്നു. അതിനാൽ ജനം അവിടേക്കു പോയതു സ്വാഭാവികം.
ഇടയ്ക്കിടെ ജയിലിൽനിന്നു രക്ഷപ്പെടൽകൂടി ആയതോടെ ചാപ്പോയ്ക്ക്, മോഷണം വഴി ലോകശ്രദ്ധ നേടിയ ‘റോബിൻഹുഡിന്റെ’ പരിവേഷവും ലഭിച്ചു.
(തുടരും)