എൽ ചാപ്പോയേക്കാൾ വിചിത്ര കഥാപാത്രമാണ് അയാളുടെ അമ്മ എന്നതാണ് മറ്റൊരു കൗതുകം. ചാപ്പോ ഇത്തരക്കാരനായി മാറിയതിൽ ഈ അമ്മയ്ക്കും നിർണായക പങ്കുണ്ടെന്ന് അവരുടെ പിൽക്കാല ജീവിതം തെളിയിച്ചു.
കൊല്ലും കൊലയുമായി മകൻ നാട്ടിൽ അരങ്ങുവാഴുന്പോൾ അതിൽ ഊറ്റം കൊണ്ടു നടക്കുകയായിരുന്നു ചാപ്പോയുടെ അമ്മ മരിയ പെരസ്. മെക്സിക്കോയുടെ ഓപ്പിയം കൃഷി കേന്ദ്രമായ ബദിരഗ്വാട്ടോയിലായിരുന്നു ഇവരുടെ താമസം.
സ്വന്തമായി റസ്റ്ററന്റ് നടത്തുന്ന മരിയയ്ക്കു മകന്റെ ഭീകര ചെയ്തികളിൽ അഭിമാനമായിരുന്നു. പ്രദേശത്തെ പ്രസിദ്ധനായ ഒരു മയക്കുമരുന്നു കടത്തുകാരന്റെ കുശിനിക്കാരനായിരുന്നത്രെ മരിയയുടെ അച്ഛൻ. അങ്ങനെയാണ് ചാപ്പോ മയക്കുമരുന്ന് അധോലോകവുമായി പരിചയിക്കുന്നതും ഇടപെടുന്നതും ഒടുവിൽ അതിന്റെ തലപ്പത്ത് എത്തുന്നതും.
മാഫിയ-സൗന്ദര്യ ബന്ധം
മിസ് സിനലോവ കിരീടവും മയക്കുമരുന്നു കടത്തുകാരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് 1958 മുതലാണ്. അന്നത്തെ മയക്കുമരുന്ന് മാഫിയ തലവനായ സാം ജിയാൻകാനയുടെ അനന്തരവൻ 1958ലെ മിസ് സിനലോവയായിരുന്ന കെനിയ കെമർമാണ്ട് ബസ്തിദാസിനെയാണ് വിവാഹം കഴിച്ചത്.
ഒരു മാഫിയ കുടുംബത്തിലേക്കു വിവാഹം കഴിച്ചുചെന്ന ആദ്യത്തെ മിസ് സിനലോവ ആയിരുന്നു കെനിയ. മാഫിയ കുടുംബത്തെയൊന്നും എതിർക്കാനോ വിയോജിക്കാനോ ഉള്ള ശേഷിയൊന്നും ഈ പെൺകുട്ടിയുടെ കുടുംബത്തിന് ഉണ്ടായിരുന്നില്ല.
കൊല്ലപ്പെട്ട സുന്ദരി
പാവപ്പെട്ട പലചരക്ക് വ്യാപാരിയുടെ മകളായ കെനിയ ഭർത്താവ് വിട്ടോറിയോ ജിയാൻകാനയ്ക്കൊപ്പം വൈകാതെ സിസിലിയിലേക്കു താമസം മാറി.
മൂന്നു വർഷത്തിനു ശേഷം കടലിന് അഭിമുഖമായി പണിത അവരുടെ വീട്ടിൽ വച്ചു നാടിനെ ഞെട്ടിച്ചുകൊണ്ടു കെനിയ വെടിയേറ്റു കൊല്ലപ്പെട്ടു. വിട്ടോറിയോ കെനിയയെ വിവാഹം കഴിച്ചത് ഇഷ്ടപ്പെടാതിരുന്നവർ കുടുംബത്തിലും മാഫിയ സംഘത്തിലും ഉണ്ടായിരുന്നു.
അവരുടെ നോട്ടപ്പുള്ളിയായിരുന്നു ഈ സുന്ദരി. അവസരം ഒത്തുവന്നപ്പോൾ അവർ അവളെ വകവരുത്തി. കെനിയയെ കൊലപ്പെടുത്തിയെങ്കിലും അവളുടെ 11 മാസം പ്രായമുള്ള മകളെ അവർ കൊല്ലാതെ അവിടെ ഉപേക്ഷിച്ചു.
രണ്ടാമത്തെ സുന്ദരി
1967ൽ മിസ് സിനലോവ കിരീടമണിഞ്ഞ അന വിക്ടോറിയ സാന്റനാരസ് ആണ് മാഫിയ കുടുംബത്തിലേക്കു വിവാഹിതയായി കടന്നുചെന്ന രണ്ടാമത്തെ സുന്ദരി. മയക്കു
മരുന്നു കാർട്ടൽ ബോസ് ആയ ഏണസ്റ്റോ കാരില്ലോ ഫോൺസെക്ക ഇവളെ സ്വന്തമാക്കുന്പോൾ വിക്ടോറിയയ് ക്കു പ്രായം 18 മാത്രമായിരുന്നു. നാലു വർഷത്തിനു ശേഷം കൊളംബിയയിലേക്കു മാറി വീണ്ടും വിവാഹം കഴിച്ച അവർ രണ്ട് മക്കളോടൊപ്പം രാജ്യംവിട്ടു.
1985ൽ ഡിഇഎ ഏജന്റ് എൻറിക് കാമറീനയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഡോൺ നെറ്റോ എന്നറിയപ്പെടുന്ന കാരില്ലോ 40 വർഷത്തെ തടവിനു കോടതി വധിച്ചു. എന്നാൽ, ഇതുകൊണ്ടും സുന്ദരിമാരുടെ മാഫിയ ലോകത്തേക്കുള്ള ഒഴുക്ക് നിലച്ചില്ല.
(തുടരും).