വാടാനപ്പിള്ളി: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ.സി.പി.ഉദയഭാനുവിനെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രബോസിന്റെ മകൻ അമൽദേവ് മുഖ്യമന്ത്രിക്ക് കത്തു നൽകി. മൂന്നാം തവണയാണ് ഇക്കാര്യം സംബന്ധിച്ച് ചന്ദ്രബോസിന്റെ മകൻ മുഖ്യമന്ത്രിക്ക് കത്തുനൽകുന്നത്. എന്നാൽ ഇതുവരെയും തനിക്ക് യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് ഇവർ പറയുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നതിനു പുറമെ സഖാവ് പിണറായി വിജയൻ എന്നു കൂടി അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് തുടങ്ങുന്നത്.കണ്ണൂർ ജയിൽ കഴിയുന്ന നിസാം പണവും സ്വാധീനവും ഉപയോഗിച്ച് മറ്റു കുറ്റവാളികളേക്കാൾ സുഖസൗകര്യത്തിലാണ് കഴിയുന്നതെന്നും ശിക്ഷയിൽ ഇളവു നേടി പുറത്തുവരാൻ ശ്രമിക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങ് പാർട്ടി സെക്രട്ടറിയായിരിക്കെ വീട്ടിൽ വന്ന് ഞങ്ങളെ ആശ്വസിപ്പിച്ചതും എന്തു സഹായത്തിനും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞതും കത്തിൽ ഓർമിപ്പിച്ചിട്ടുണ്ട്.
ഉദയഭാനുവിനെ സ്പെഷൽ പ്രോസിക്യൂട്ടറായി കിട്ടാൻ എന്റെ അമ്മയും വീട്ടുകാരും അങ്ങയുടെ ഓഫീസിൽ വന്ന് അഭ്യർത്ഥിച്ചിരുന്നതായും എന്നാൽ ഇത്രനാൾ കഴിഞ്ഞിട്ടും അങ്ങയുടെ തിരക്കു കാരണമോ എന്തോ ഞങ്ങളുടെ അപേക്ഷയിൽ യാതൊരു മറുപടിയും കണ്ടില്ലെന്നും കത്തിൽ ചന്ദ്രബോസിന്റെ മകൻ പരാമർശിച്ചിട്ടുണ്ട്.
എന്റെ അച്ഛനു ലഭിച്ച നീതി നഷ്ടപ്പെടാതിരിക്കാൻ ഉദയഭാനുവിനെ കേസിന്റെ ഇനിയുള്ള നടത്തിപ്പിന് ചുമതലപ്പെടുത്തണമെന്ന അപേക്ഷയോടെയാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. 2016 ഒക്ടോബർ പത്തിനും രണ്ടാഴ്ച മുന്പുമാണ് രണ്ടു കത്തുകൾ മുഖ്യമന്ത്രിക്ക് നൽകിയത്. ഇതിനിടെ നിസാമിന്റെ മോചനത്തിനായി നാട്ടിൽ കൂട്ടായ്മയും നടന്നിരുന്നു.
ു