കീവ്: യുക്രെയ്ൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്കിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഒരു യുവതിയെ യുക്രെയ്ൻ സുരക്ഷാ വിഭാഗം (എസ്ബിയു) അറസ്റ്റ് ചെയ്തു.
സെലൻസ്കിയുടെ സന്ദർശനത്തെക്കുറിച്ച് റഷ്യക്ക് രഹസ്യവിവരം കൈമാറാൻ ശ്രമിച്ച യുവതിയെയാണ് പിടികൂടിയതെന്ന് എസ്ബിയു പ്രസ്താവനയിൽ പറഞ്ഞു.
തെക്കൻ മൈക്കോളൈവിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ കഴിഞ്ഞ ജൂലൈയിൽ സെലൻസ്കി സന്ദർശിച്ചിരുന്നു. സെലെൻസ്കി സന്ദർശിച്ച ഒചകിവ് എന്ന ചെറിയ പട്ടണത്തിലാണ് പ്രതി താമസിച്ചിരുന്നത്.
സെലൻസ്കിയുടെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ യുവതി ശ്രമിച്ചിരുന്നതായാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
പ്രതി സൈനിക താവളത്തിന് സമീപമുള്ള കടയിലാണ് ജോലി ചെയ്തിരുന്നത്. യുവതി യുക്രെയ്നിയൻ സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോയും എടുത്തിട്ടുണ്ടെന്നും എസ്ബിയു പ്രസ്താവനയിൽ ആരോപിച്ചു.
കുറ്റം തെളിഞ്ഞാൽ യുവതിക്ക് 12 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. അതേസമയം, അറസ്റ്റിനെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.
മൈക്കോളൈവ് മേഖലയിൽ റഷ്യ വൻ വ്യോമാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് യുക്രെയ്ൻ പറയുന്നത്. റഷ്യയെ പിന്തുണയ്ക്കുന്ന പ്രദേശവാസികൾ മോസ്കോയുടെ സൈന്യത്തെ സഹായിക്കാൻ ചാരപ്പണി നടത്താറുണ്ടെന്ന് യുക്രെയ്ൻ ആരോപിക്കുന്നു.