തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ നടത്തിയ പ്രസ്താവന സംബന്ധിച്ച വിവാദത്തിൽ കെ.മുരളീധരനെതിരെ തുറന്നടിച്ച് കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കൻ.
കെ.മുരളീധരൻ പാർട്ടിയോട് കൂറ് കാണിക്കണമെന്ന് പറഞ്ഞ വാഴയ്ക്കൻ, താൻപ്രമാണിയാകാനാണ് മുരളിയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരനാണെന്നും വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്നത് ശരിയല്ലെന്നും വാഴയ്ക്കൻ തുറന്നടിച്ചു.
ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ പ്രവർത്തിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നായിരുന്നു ഹസന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് ഹസന്റെ വാക്കുകൾ ചർച്ച ചെയ്യുന്നത് കോൺഗ്രസിന് ദോഷം ചെയ്യുമെന്ന കെ.മുരളീധരൻ പറഞ്ഞത്.
കരുണാകരനെ ദ്രോഹിച്ച ചരിത്രം നോക്കുകയാണെങ്കിൽ ഒരുപാടൊരുപാട് ഗവേഷണം നടത്തേണ്ടി വരുമെന്നും. കരുണാകരനെ ദ്രോഹിച്ചതിൽ എല്ലാവർക്കും പങ്കുണ്ടെന്നും ആരോപിച്ച മുരളി ഒരേ ഇലയിൽ നിന്ന് കഴിച്ചവർക്കു പോലും പങ്കുണ്ടെന്നും പറഞ്ഞിരുന്നു.
പഴയ ചരിത്രം ചികയാൻ നിന്നാൽ എല്ലാവരും ഒരുമിച്ച് സമുദ്രത്തിലേക്ക് ആണ്ട് പോകുമെന്നും അതുകൊണ്ടാണ് വിവാദം വേണ്ട എന്ന് പറയുന്നതെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.