കോഴിക്കോട്: കേരളത്തിലെ ഉൾനാടൻ ജലപാതകളിലൂടെയുള്ള ചരക്കുഗതാഗതം പരിസ്ഥിതിസൗഹൃദവും ചെലവ് കുറഞ്ഞതുമാണെന്ന വിലയിരുത്തലിൽ ഈ മേഖലയ്ക്കു കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.
ജലപാതകളിലെ ചരക്കുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് ബാർജ് ഓപ്പറേറ്റർമാർക്ക് സബ്സിഡി നൽകുന്നതിനുപുറമെ, ബാർജ് നിർമാണത്തിന് സബ്സിഡിയും ഈ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കാപ്പിറ്റൽ സബ്സിഡിയും നൽകുന്ന വിഷയം സർക്കാരിന്റെ പരിഗണനയിലാണ്. ഇതുസംബന്ധിച്ചു ചർച്ച ചെയ്ത് നൂതന ആശയങ്ങൾ തയാറാക്കി സമർപ്പിക്കാൻ കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർക്കാർ നിർദേശം നൽകി. ഉൾനാടൻ ജലഗതാഗത ചരക്കുനീക്കത്തിന് സബ്സിഡി നൽകിയതു മൂലമുണ്ടായ മാറ്റങ്ങളെക്കുറിച്ചു പഠിച്ച് ജലഗതാഗത ചീഫ് എൻജിനിയർ നൽകിയ റിപ്പോർട്ടിൽ ഈ മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2016-17ൽ സംസ്ഥാന സർക്കാർ ബാർജ് ഓപ്പറേറ്റർമാർക്കായി സബ്സിഡി അനുവദിച്ചുതുടങ്ങിയശേഷം ദേശീയ ജലപാത മൂന്നിലൂടെ ബാർജ് മുഖേനെ കൊണ്ടുപോകുന്ന സൾഫ്യൂരിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ്, സൾഫർ, അമോണിയ തുടങ്ങിയ അപകടകരവും വിഷലിപ്തവുമായ ചരക്കുകളുടെ അളവു വർധിച്ചതായാണു ചീഫ് എൻജിനിയറുടെ പഠനറിപ്പോർട്ടിൽ പറയുന്നത്.
എൽപിജി, എൽഎൻജി, രാസവളങ്ങൾ എന്നിവ ചെലവു കുറഞ്ഞ രീതിയിൽ കൊണ്ടുപോകുന്നതിനും ഭാവിയിൽ കേരളത്തിലെ ജലപാതകൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയ ജലപാത മൂന്നിനു സമീപത്തായി നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവയിലേക്കുള്ള അസംസ്കൃത വസ്തുക്കളുടെ കടത്തിന് ജലപാതകൾ ഏറെ ഉപകാരപ്രദമാകും. ജലപാതകൾ ചരക്കുനീക്കത്തിനു പുറമെ, വിനോദസഞ്ചാര മേഖലയ്ക്കും ഉണർവേകും.
രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ ജലപാതകളുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. നാലു ദേശീയ ജലപാതകൾ ഉൾപ്പെടെ സഞ്ചാരയോഗ്യമായ 1548 കിലോമീറ്റർ ജലപാതകൾ കേരളത്തിലുണ്ട്. 24 മണിക്കൂറും ഗതാഗതയോഗ്യമായ ആദ്യ ദേശീയ ജലപാതയാണ് കൊല്ലം-കോട്ടപ്പുറം.
ദേശീയ ജലപാത മൂന്ന് കോട്ടപ്പുറത്തുനിന്ന് കോഴിക്കോട് വരെ നീട്ടുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, കോട്ടപ്പുറം മുതൽ കോഴിക്കോട് വരെയുള്ള ഭാഗത്ത് ജലഗതാഗതം തുടങ്ങണമെങ്കിൽ 35 പാലങ്ങൾ പൊളിച്ച് ഉയരം കൂട്ടേണ്ടിവരുമെന്ന് നാറ്റ്പാക് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ബിനു ജോർജ്