കോഴിക്കോട്: കോവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ച് ഇതരസംസ്ഥാനങ്ങളില്‍നിന്ന് അതിഥി തൊഴിലാളികളെ എത്തിക്കാന്‍ നീക്കം. പരിശോധനയോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ നിയമംലംഘിച്ചാണ് അതിഥി തൊഴിലാളികളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഇവിടെ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കും ചരക്കുലോറികളില്‍ എത്തിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.
ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കെട്ടിട നിര്‍മാണ മേഖലയിലേക്ക് അതിഥി തൊഴിലാളികളെ ആവശ്യമായി വന്നിരിക്കുകയാണ്. അതേസമയം ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളില്‍ പലരും നാട്ടിലേക്ക് തിരിച്ചു. ഇപ്രകാരം നാട്ടിലുള്ളവരെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്.
തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാതെ എത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയ്ക്ക് പോലീസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പുറത്തു നിന്ന് വരുന്ന തൊഴിലാളികള്‍ക്കു പ്രത്യേക പാസ് ആവശ്യമാണ്.
തൊഴിലാളികളുടെ കോവിഡ് പരിശോധനയും ഇതിന്റെ ഉത്തരവാദിത്വവും കരാറുകാര്‍ക്കാണ്. കോഴിക്കോട് ജില്ലാ അതിര്‍ത്തികളില്‍ കൂടുതല്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് നിന്നും അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്കും അനധികൃതമായി കടത്തുന്നുണ്ട് .
ഇപ്രകാരം കോഴിക്കോട്ടുനിന്ന് കഴിഞ്ഞ ദിവസം ആറു അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ലോറി തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ലോറിയിലുള്ള തൊഴിലാളികളെ ഉടന്‍ കോഴിക്കോടെത്തിക്കണമെന്നും അല്ലാത്തപക്ഷം ലോറിയുള്‍പ്പെടെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് താക്കീത് നല്കി.
തുടര്‍ന്ന് ലോറി ഡ്രൈവര്‍ രാത്രിയില്‍ തൊഴിലാളികളുമായി വീണ്ടും കോഴിക്കോടെത്തുകയായിരുന്നു. വിവരമറിഞ്ഞ ടൗണ്‍ പോലീസ് ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് ചരക്കുമായി എത്തുന്ന ലോറികളുടെ മടക്ക യാത്രയില്‍ വന്‍ തുക വാങ്ങിയാണ് അതിഥി തൊഴിലാളികളെ രഹസ്യമായി ഒളിപ്പിച്ച് കടത്തുന്നത്.
ഇത്തരത്തില്‍ നിരവധി പേരെ നാട്ടിലെത്തിച്ചതായാണ് പോലീസ് നല്കുന്ന വിവരം. അതിഥിതൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ട്രെയിനുകളിലും മറ്റും മടങ്ങാന്‍ കഴിയാത്തവരാണ് ഇതരസംസ്ഥാന ലോറികള്‍ തേടിപിടിച്ച് കയറി പോകുന്നത്. ചരക്ക് ലോറി ഡ്രൈവര്‍മാര്‍ നേരിട്ട് അതിഥി തൊഴിലാളുകളുമായി ബന്ധപ്പെടുകയും പണം വാങ്ങി മടങ്ങുന്ന ദിവസവും എത്തേണ്ട സ്ഥലവും നിര്‍ദ്ദേശിക്കുകയാണ് രീതി.
തുടര്‍ന്ന് രാത്രിയില്‍ വഴിയരികില്‍ നിന്നും തൊഴിലാളികളെ കൂടെ കൂട്ടുകയും ചെയ്യും. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഹരിയാനയില്‍ നിന്നും ഉരുളകിഴങ്ങുമായി എത്തിയ വാഹനത്തില്‍ അതിഥി തൊഴിലാളികളെ ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം പോലീസ് തടഞ്ഞിരുന്നു .
ഒരാള്‍ക്ക് 3500 നിരക്കില്‍ രണ്ടു പേരെ ഉത്തര്‍ പ്രദേശില്‍ എത്തിക്കാമെന്ന് ഹരിയാന സ്വദേശിയായ ഡ്രൈവര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. രാത്രി ബീച്ച് ഭാഗത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നമ്പര്‍ നോക്കി കയറാനും അതിഥി തൊഴിലാളികളോട് നിര്‍ദേശിച്ചു.
എന്നാല്‍ വൈകിട്ട് അസാധാരണമായി നഗരത്തില്‍ നിര്‍ത്തിയിട്ടതിന് ലോറി ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇത്തരത്തിലുള്ള യാത്ര കോവിഡ് രോഗബാധയ്ക്കും വ്യാപനത്തിനും കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി . ചരക്ക് ലോറിയില്‍ കര്‍ശന പരിശോധനകളില്ലാത്തതിനാല്‍ പലരും ഇതുവഴി അതിര്‍ത്തി കടക്കുന്നതായാണ് വിവരം.