നെടുമങ്ങാട് : എക്സൈസ് വകുപ്പ് വ്യാപകമായി നടത്തിയ റെയ്ഡിൽ 7200 ലിറ്റർ ചാരായവും 510 ലിറ്റർ കോടയും കണ്ടെടുത്തു.
കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണിന്റെ ഭാഗമായി വിദേശമദ്യഷോപ്പുകൾ, ബാറുകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവയെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ വ്യാജമദ്യത്തിന്റെ വ്യാപനം തടയുന്നതിനായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.വിനോദ് കുമാറിന്റെ നേത്യത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായവും കോടയും കണ്ടെടുത്തത്.
ഭരതന്നൂരിൽ വീട്ടിൽ ചാരായം വാറ്റുന്നതിനായി 40 ലിറ്റർ കോട സൂക്ഷിച്ച കുറ്റത്തിന് ഭരതന്നൂർ ശരണ്യ നിവാസിൽ ശിവപ്രസാദ് (51)നേയും മൈലമൂട് ചെട്ടിയെക്കൊന്നകയം സിനി ഭവനിൽ ചാരായം വാറ്റുന്നതിനായി 30 ലിറ്റർ കോട സൂക്ഷിച്ച കുറ്റത്തിന് സിനിമോനെയും പോലീസ് അറസ്റ്റ് ചെയ്തു.
അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് കോളേജിനുള്ളിലെ ഉൾവനത്തിൽ നടത്തിയ പരിശോധനയിൽ 7.200 ലിറ്റർ ചാരായവും 440 ലിറ്റർ കോടയും ഏകദേശം അൻപതിനായിരം രൂപ വിലവരുന്ന വാറ്റുപകരണങ്ങളും കണ്ടെടുത്ത് കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ കുളത്തൂപ്പുഴ ചോഴിയക്കോട് ബീഡികുന്ന് കല്ലുംകുഴി വീട്ടിൽ അശോകൻ, പെരിങ്ങമ്മല വില്ലേജിൽ അരിപ്പ അമ്മയമ്പലം ചതുപ്പിൽ വീട്ടിൽ രവി എന്നിവരുടെ പേരിലും അബ്കാരി കേസെടുത്ത് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
വനപ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി 11 .30ന് നടത്തിയ പരിശോധ നയിലാണ് എക്സൈസ് സംഘം ഇവരെ കണ്ടെത്തിയത്.അലുമിനിയം കലങ്ങളിലും പ്ലാസ്റ്റിക് കുടങ്ങളിലും പ്ലാസ്റ്റിക് കവറിലുമായാണ് 400 ലിറ്ററോളം വരുന്ന കോട ഒളിപ്പിച്ച് സൂക്ഷിച്ചിരുന്നത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.എൻ. മനു, സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദീൻ, ഗോപകുമാർ, മുഹമ്മദ് മിലാദ്, ഷജീർ, മഹേഷ്, ഷജിം, ഡ്രൈവർ സുനിൽ പോൾ ജെയിൻ എന്നിവരും പങ്കെടുത്തു.