കരുമാലൂർ: കരുമാലൂരിൽ പണിതീരാത്ത ആളാഴിഞ്ഞ വീടിനു മുകളിൽ തോക്ക് കണ്ടെത്തിയ സംഭവത്തിൽ പോലീസിനെ കണ്ട് ഓടി രക്ഷപെട്ടവർക്കായി അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടിയിരുന്നു.
വീടു കേന്ദ്രീകരിച്ചു ലഹരിമാഫിയ തമ്പടിക്കാറുണ്ടെന്ന നാട്ടുകാരുടെ പരാതിയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പോലീസ് പരിശോധന നടത്തിയത്.
കരുമാലൂർ മണ്ടള കോളനി സ്വദേശി ജെനിഷാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ വീടിനു മുകളിൽ നിന്നു ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലിന് പൊട്ടൽ സംഭവിക്കുകയും ചില്ല് തറയ്ക്കുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന നാലു പേർ ഓടി രക്ഷപ്പെട്ടു.
വീട്ടിൽനിന്നും കണ്ടെത്തിയ തോക്ക് ഫോറൻസിക്, വിരലടയാള വിദഗ്ദരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. എയർഗൺ പോലെയുള്ള തോക്കാണെന്ന് നിഗമനം.
തോക്ക് കൂടാതെ വീട്ടുവളപ്പിൽ നിന്നും രണ്ടു ബൈക്ക്, ഒരു കാർ, 2 മൊബൈൽ ഫോൺ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തു.കരുമാലൂർ വില്ലേജ് ഓഫിസിനു സമീപത്തായി പാണാട് സ്വദേശി ബിനീഷിന്റെ വീടിനു മുകളിലാണു തോക്ക് പോലീസ് കണ്ടെത്തിയത്.
ഇയാൾ കുറേനാളുകളായി സ്ഥലത്തില്ല. വീടിന്റെ സ്റ്റെയർ റൂമിന്റെ മുകളിലായിരുന്നു എയർഗൺ തോക്ക് കിടന്നിരുന്നത്. രാത്രികാലങ്ങളിൽ വിടിനുള്ളിൽ വ്യാജവാറ്റും മദ്യവില്പനയും നടത്തുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
സംഭവത്തെ തുടർന്നു ഡിവൈഎസ്പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഓടി രക്ഷപ്പെട്ടവരെ കിട്ടിയാൽ ചോദ്യം ചേയ്താൽ മാത്രമേ കൂടുതൽ തെളിവുകൾ ലഭിക്കുകയുള്ളുയെന്ന് ഡിവൈഎസ്പി പി.കെ. ശിവൻകുട്ടി പറഞ്ഞു.