കൊച്ചി: ആലുവയിൽ വൻ വ്യാജമദ്യ വേട്ട, 100 ലിറ്റർ നിറം ചേർത്ത ചാരായവും 100 ലിറ്റർ വാഷും പിടിച്ചെടുത്തു. ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച വൻതോതിൽ വ്യാജമദ്യം ഉത്പ്പാദിപ്പിക്കുവാൻ സാധ്യതയുണ്ടെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ആലുവ പുതിയിടം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വൻതോതിൽ വ്യാജമദ്യം പിടികൂടിയത്.
വ്യാജമദ്യ നിർമാണം നടത്തിയ ആലുവ പുതിയിടം സ്വദേശി ഷാജനെ (40) അറസ്റ്റ് ചെയ്തു. പുതിയതടം കാഞ്ഞൂരിൽ ഷാജൻ നടത്തിയിരുന്ന സ്റ്റേഷനറി കടയുടെ മറവിലാണ് ചാരായം വിൽപ്പനയ്ക്കായി സൂക്ഷിച്ച് വച്ചിരുന്നത്. ഡ്രൈഡേ ആയതിനാൽ ഇന്നലെ മദ്യവിൽപ്പന ശാലകളൊന്നും തുറന്ന് പ്രവർത്തിച്ചിരുന്നില്ല. ഇത് കണക്കാക്കിയാണ് ഇയാൾ ഇത്രയധികം അളവിൽ ചാരായം സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു.
കൂടുതൽ ചാരായം നിർമിക്കാനായി സൂക്ഷിച്ചുവച്ചിരുന്ന 100 ലിറ്റർ വാഷും എക്സൈസ് സംഘം നടത്തിയ തുടർ പരിശോധയിൽ കടയിൽ നിന്നും പിടിച്ചെടുത്തു. വേഷ പ്രഛന്നരായി എത്തിയ ഷാഡോ എക്സൈസ് സംഘം തൊഴിലാളികൾ എന്ന ഭാവേന മദ്യം ആവശ്യപ്പെടുകയും ഇവരിൽനിന്നും പണം വാങ്ങി ചാരായം വിതരണം ചെയ്യുകയായിരുന്നു.
തുടർന്ന് കൂടുതൽ എക്സൈസ് സേനാഗംഗങ്ങൾ സ്ഥലത്തെത്തി സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും അളവിൽ ചാരായവും വാഷും കണ്ടെത്തിയത്. 10 ലിറ്ററിന്റെ 10 കന്നാസുകളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. എറണാകുളം ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ വ്യാജമദ്യവേട്ടയാണിത്.
ചാരായം കളർ ചേർത്ത നിലയിലായിരുന്നു കാണപ്പെട്ടതെന്നും കണ്ടെത്താനായിരുന്നില്ലെങ്കിൽ വൻ വ്യാജമദ്യദുരന്തത്തിനുപോലും സാധ്യതയുണ്ടാകുമായിരുന്നതായും അധികൃതർ പറഞ്ഞു. മദ്യ സാന്പിളുകൾ ലാബിൽ എത്തിച്ച് പരിശോധനാ ഫലം ലഭിച്ചാലേ മദ്യത്തിന്റെ ഗുണ നിലവാരത്തെക്കുറിച്ചു കൂടുതൽ വ്യക്തത ലഭിക്കൂവെന്നും അധികൃതർ പറഞ്ഞു.
വർഷങ്ങളായി ചാരായ വിൽപ്പന നടത്തിവന്നിരുന്ന പ്രതി വിശ്വസ്തരായ ആളുകൾക്ക് മാത്രമാണ് ചാരായം നൽകിയിരുന്നതെന്നും കടയിൽനിന്നും ചാരായം ആലുവ പരിസരങ്ങളിലെ നിരവധി ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുത്തിരുന്നതായ വിവരം ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദനം നടത്താൻ പ്രതിയെ കൂടുതൽപേർ സഹായിച്ചതായി അധികൃതർ സംശയിക്കുന്നു.
ഇതേക്കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി. സുരേഷിന്റെ നേത്യത്വത്തിൽ നടന്ന റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജ്, പ്രിവന്റീവ് ഓഫീസർമാരായ രാം പ്രസാദ്, ജയൻ, ജയ് മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുണ് കുമാർ, ബിജു, റൂബൻ, വിപിൻദാസ്, ഹരിദാസ് എന്നിവർ പങ്കെടുത്തു.