തൃശൂർ: ചാരായം വാറ്റിയ കേസിൽ എട്ടര വർഷത്തെ നീണ്ട വിചാരണയ്ക്കൊടുവിൽ പ്രതിക്കു ശിക്ഷ വിധിച്ചു. മോട്ടോർ ഷെഡിൽ ചാരായം വാറ്റിയ കേസിൽ ഒന്നാം പ്രതി തലപ്പിള്ളി കിരാലൂർ കളത്തിൽ സുധീർ സുബ്രഹ്മണ്യനാണ് തൃശൂർ രണ്ടാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് വി.ജി. ബിജു രണ്ടു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കൂടുതൽ തടവ് അനുഭവിക്കണം.
2013 മേയ് അഞ്ചിനാണു കേസിനാസ്പദമായ സംഭവം. രണ്ടാം പ്രതിയായിരുന്ന തങ്ങാലൂർ കാരോർ അയ്യപ്പൻകാവ് മോഹനന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പറന്പിലെ മോട്ടോർ ഷെഡിൽ ചാരായം വാറ്റുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്ഥലത്തെത്തി.
ഈ സമയം ഒന്നാം പ്രതി ചാരായമടങ്ങിയ കന്നാസ് കൈയിൽ പിടിച്ചിരിക്കയായിരുന്നു. രണ്ടാംപ്രതിയാകട്ടെ വലിയ ബാരലിൽ വാഷ് ഇളക്കിക്കൊണ്ടിരിക്കയായിരുന്നു.
സംഭവസ്ഥലത്തുനിന്നും 20 ലിറ്റർ ചാരായവും 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിരുന്നു. രണ്ടാം പ്രതി മോഹനൻ വിചാരണവേളയിൽ മരിച്ചു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 14 രേഖകളും ഏഴു തൊണ്ടി മുതലുകളും തെളിവിലേക്കായി സമർപ്പിച്ചു. അഞ്ചു സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ. വിവേകാനന്ദൻ, അഡ്വ. രചന ഡെന്നി എന്നിവർ ഹാജരായി.