കൊല്ലം: തൊടിയൂരിൽ ന്യൂ ജൻ വാറ്റ് കേന്ദ്രം കണ്ടെത്തി. എക്സൈസ് നടത്തിയ പരിശോധനയിൽ തൊടിയൂർ വടക്ക് സൈക്കിൾ മുക്കിന് സമീപം ഫാത്തിമ മൻസിലിൽ നൂറുദീന്റെ വീട്ടിൽ നിന്നും അറുനൂറ് ലിറ്റർ കോടയും എഴുപത്തി അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.
ലോക്ക് ഡൗൺ പ്രമാണിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ ശേഖരിച്ചു വച്ചിരുന്ന ചാരായമാണ് കണ്ടെത്തിയത് നൂറുദീന്റെ വീടിന്റെ സ്റ്റോർ റൂമിൽ 200 ലിറ്ററിന്റെ ഇരുമ്പ് ബാരലിൽകോപ്പർ ട്യൂബ് ഘടിപ്പിച്ച് മുറിക്കുള്ളിൽ സിമന്റ് കൊണ്ട് നിർമിച്ച ടാങ്ക് ഉണ്ടാക്കി വെള്ളം നിറച്ച് കന്നാസിലേക്ക് ചാരായം വാറ്റിയെടുക്കുന്നതായി കാണപ്പെട്ടു.
ഗൾഫ് നാട്ടിൽ ജോലി ചെയ്തിരുന്ന നൂറുദീൻ ഗൾഫ് നാട്ടിലെ മുറികളിൽ ചാരായം വാറ്റാൻ നടപ്പാക്കി വന്ന രീതിയാണ് വീട്ടിൽ നടത്തിയിരുന്നതെന്ന് എക്സൈസ് സംഘത്തോട് പറഞ്ഞു.
പട്രോളിംഗിനിടയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽപ്രിവന്റീവ് ഓഫീസർ പി.എൽ വിജിലാൽ, കിഷോർ. സുധീർ ബാബു, സന്തോഷ്, സജികുമാർ, സുജിത് , റാസ് മിയ എന്നിവർ ഉണ്ടായിരുന്നു