കുമരകം: കുരമകത്തും പരിസരങ്ങളിലും വാറ്റു ചാരായ നിർമാണവും വിതരണവും തകൃതി. ആളൊഴിഞ്ഞ കെട്ടിടങ്ങളും ഒറ്റപ്പെട്ട ഇടങ്ങളുമാണ് വാറ്റു നിർമാണ സംഘത്തിന്റെ വിഹാരകേന്ദ്രങ്ങൾ.
ലോക്ക്ഡൗണ്‍ നിയന്ത്രണത്തിനു ശേഷം ബിവറേജ് ഷോപുകളും ബാറുകളും അടഞ്ഞു കിടന്നതോടെയാണ് വാറ്റു ചാരായത്തിനു ആവശ്യക്കാരേറിയത്. ഇതോടെയാണ് അനധികൃതമായുള്ള വാറ്റു ചാരായം വൻതോതിൽ കൂടിയിരിക്കുന്നത്.
ഇന്നലെ കുമരകത്തുനിന്ന് അടഞ്ഞുകിടന്ന അംഗൻവാടി കെട്ടിടത്തിൽ നിന്നുമാണ് വ്യാജവാറ്റ് നടത്തുന്ന സംവിധാനവും കോടയും എക്സൈസ് കണ്ടെത്തിയത്.
ഈഴക്കാവ് ക്ഷേത്രത്തിന് സമീപമുള്ള 73-ാം നന്പർ അംഗൻവാടിയുടെ ടെറസിലാണ് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നു കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
കോവിഡിനെത്തുടർന്ന് അംഗൻവാടി ഇപ്പോൾ പ്രവർത്തിക്കുന്നില്ല അധികനിയന്ത്രണത്തെത്തുടർന്ന് ആൾ സഞ്ചാരവും ഈ ഭാഗത്തില്ല. മാത്രവുമല്ല സമീപത്തുള്ള ഒട്ടുമിക്ക വീടുകളിലും കോവിഡ് രോഗികൾ ഉള്ളതും ഇവർക്ക് അനുകൂല സാഹചര്യം ഒരുക്കി.
ടെറസിന്റെ മുകളിൽ എത്താൻ പടികൾ ഇല്ലാത്തതിനാൽ ആരും മുകളിൽ കയറാറില്ല. താൽക്കാലിക ഏണി ഉപയോഗിച്ച് കയറിയാണ് ഇവർ വാറ്റ് നടത്തിയിരുന്നത്.
ഇന്നലെ എക്സൈസ് സംഘം പരിശോധന എത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞില്ല. കണ്ടെടുത്ത കോട കമഴ്ത്തി കളയുകയും മറ്റ് ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
അംഗൻവാടിയിൽ അധിക്രമിച്ചു കയറി വ്യാജവാറ്റ് നടത്തിയവർക്കെതിരേ അംഗനവാടി ടീച്ചർ ജയലതയും പഞ്ചായത്തംഗം ദിവ്യദാമോധരനും ചേർന്ന് പോലീസിൽ പരാതി നൽകി.
പോലീസിനന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ കുമരകത്തും പരിസരങ്ങളിലും കർശന പരിശോധന നടക്കുകയാണ്.