ചിറ്റൂർ: പടിഞ്ഞാറൻ ജില്ലകളിൽ ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നിന്നും ഉൗടുവഴികളിലൂടെ വൻതോതിൽ സ്പിരിറ്റ് ഒഴുകുന്നു. താലൂക്കിന്റെ കിഴക്കൻ അതിർത്തി വഴിയാണ് കള്ള ക്കടത്തു സജീവമായിരിക്കുന്നത്. പച്ചക്കറി, മീൻ കടത്തു വാഹനങ്ങൾ തുറന്നു പരിശോധിക്കാൻ കഴിയാത്തതിനാൽ ഇത്തരം വാഹനങ്ങളിലാണ് കടുതലായും സ്പിരിറ്റ് എത്തികൊണ്ടിരിക്കുന്നത്.
ഇക്കഴിഞ്ഞദിവസം തമിഴ്നാട്ടിൽ നിന്നും ഗോപാലപുരം വഴിപടിഞ്ഞാറു ഭാഗത്തേക്ക് വന്ന ആംബുലൻസിൽ നിന്നും സ്പിരിറ്റിന്റെ ഗന്ധം പരക്കുന്നതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. സ്പിരിറ്റു നിറച്ച കാൻ പൊട്ടിയതാവും ഗന്ധം പരക്കാൻ കാരണമെന്നാണ് കരുതുന്നത്. താലൂക്കിൽ എക് സൈസ് പരിശോധന നടത്താറുണ്ടെങ്കിലും ഇതുവരേയും സ്പിരിറ്റു കടത്തു പിടികുടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പടിഞ്ഞാറൻ ജില്ലകളിൽ നിന്നും കള്ളക്കടത്തു മാഫിയ സംഘം കിഴക്കൻ മേഖലയിൽ വിലസുന്നതായും നാട്ടുകാർ വെളിപ്പെടുത്തുന്നു. പടിഞ്ഞാറൻ ജില്ലാ രജിസ്ട്രേഷൻ നന്പറുകൾ കുടുതലായി കാണപ്പെടുന്നത് സ്പിരികടത്തുവാഹന ങ്ങൾക്ക് പൈലറ്റായി സഞ്ചരിക്കാനെന്ന നിഗമനവും ഉണ്ട്. താലൂക്കിലെ തോപ്പുകളിലേക്കും സ്പിരിറ്റു എത്തുന്നുണ്ടെന്നു സമീപവാസികൾ വെളിപ്പെടുത്തുന്നുണ്ട്.
ഇത്തരം വാഹനങ്ങളിൽ എത്തുന്നവർ ആയുധങ്ങളും കരുതാറുണ്ടെന്ന ധാരണ കാരണം ഇവർക്കെതിരെ പൊതുജനം പ്രതികരിക്കാൻ തയാറാവുന്നില്ല. സ്പിരിറ്റ് കടത്ത് വാഹനങ്ങളെ പരിശോധനാ സംഘത്തിനു മുന്നിൽ അകപ്പെടാതെ കടത്തിവിടാൻ ഉൗടുവഴികൾ അറിയിക്കുവാൻ ഇടനിലക്കാരും ഏറെയുണ്ട്. ഇവർക്കു മാഫിയ സംഘം തക്ക പ്രതിഫലവും നൽകുന്നുണ്ട്. പൊള്ളാച്ചി , കിണഞ്ഞുകടവ്് ,ആനമല എന്നിവിടങ്ങളിൽ കേരളത്തിലെ കള്ളക്കടത്തുകാർക്ക് സ്പിരിറ്റ് എത്തിച്ചു കൊടുക്കാനും ഇടനിലക്കാർ കൂടുതലായുണ്ട്.
പ്രളയജലത്തിൽ ഭുരിതമനുഭവിക്കുന്ന കേരള ജനതയ്ക്കുമേൽ ഓണക്കാലത്തു മദ്യദുരന്തംകൂടി സംഭവിക്കാതിരിക്കാൻ പോലീസ്, എക്സൈസ്, ഫോറസ്റ്റ് വകുപ്പുകളും ജില്ലാ ഭരണകൂടവും ഉൾപ്പെടെ സംയോജിപ്പിച്ച് 24 മണിക്കൂറും കർശന പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.