കോട്ടയം: ജില്ലയിലെ രണ്ടിടങ്ങളിൽ നിന്നായി വാറ്റു ചാരായവും കോടയും വാറ്റു ഉപകരണങ്ങളും പിടികൂടി.ഒരാളെ അറസ്റ്റ് ചെയ്തു. ചാമംപതാൽ വടക്കേ ചുഴിക്കുന്നേൽ ഷാജി (58) ആണ് പിടിയിലായത്. ലഹരി വിരുദ്ധ സ്ക്വാഡ് പള്ളിക്കത്തോട് ചാമംപതാലിൽ നിന്നും മണിമല പൊന്തൻപുഴയിൽ നിന്നുമാണ് മൂന്ന് ലീറ്റർ ചാരായവും 150 ലീറ്റർ കോടയും പിടികൂടിയത്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വ്യാജ വാറ്റ് നടക്കുന്നതായി ജില്ലാ പോലീസ് ചീഫ് ഡി. ശില്പയ്ക്കു രഹസ്യ വിവരം ലഭിച്ചിരുന്നു.തുടർന്നു നാർകോട്ടിക് സെൽ ഡിവൈഎസ്പി ബി. അനിൽകുമാറിന്റെ നിർദേശപ്രകാരം ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തിവരികയായിരുന്നു.
പള്ളിക്കത്തോട് ചാമംപതാലിലും പൊന്തൻപുഴയിലും വാറ്റ് നടക്കുന്നതായി വിവരം ലഭിക്കുകയും പോലീസ് പരിശോധനയ്ക്ക് എത്തുകയുമായിരുന്നു. അറസ്റ്റിലായ ഷാജിയുടെ പക്കൽ മൂന്ന് ലീറ്റർ ചാരായവും 30 ലീറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമുണ്ടായിരുന്നു.
പൊന്തൻപുഴ വനത്തിൽ നടത്തിയ റെയ്ഡിലാണ് 120 ലീറ്റർ കോട കണ്ടെത്തിയത്. പുല്ലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് കോട സൂക്ഷിച്ചിരുന്നത്.ഈ സംഭവത്തിൽ മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ അഞ്ച് ലിറ്റർ ചാരായവും 300 ലീറ്റർ കോടയുമാണ് ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
പള്ളിക്കത്തോട് എസ്എച്ച്ഒ ജി. സുനിൽ, മണിമല എസ്എച്ചഒ ബി. ഷാജിമോൻ എസ്ഐമാരായ ഏലിയാസ് പോൾ, ജോമോൻ, വിദ്യാധരൻ, എഎസ്ഐമാരായ ഷിബു, സെബാസ്റ്റ്യൻ സിപിഒമാരായ ഷിൻസ്, അൻസിം, ശ്രീജിത്ത്, രഞ്ജിത്ത്, സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത്ത് ബി. നായർ, തോംസണ് കെ. മാത്യു, കെ. ആർ. അജയകുമാർ, എസ്. അരുണ്, ഷമീർ സമദ്, പി.എം. ഷിബു, വി.കെ. അനീഷ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്ന് പോലീസ് പറഞ്ഞു.