ആലപ്പുഴ: ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് തോട്ടപ്പള്ളി പുറക്കാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ സ്കൂട്ടറിൽ ചാരായം കടത്തവെ പിടികൂടിയ രണ്ടു പേർ വിശേഷ ദിവസങ്ങളിലും ബാറുകൾ പ്രവർത്തിക്കാത്ത ദിവസങ്ങളിലും ആവശ്യക്കാർക്ക് ആവശ്യപ്പെടുന്ന സ്ഥലങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ ’സാധനം’ എത്തിച്ചു നൽകുന്നവർ. ചാരായം ആവശ്യമുള്ളവർക്കായി തോട്ടപ്പള്ളി ഭാഗത്ത് ’’പ്രാദേശികകൂട്ടായ്മ’’ രൂപീകരിച്ച് അംഗങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് ഡോർ ടു ഡോർ ഡെലിവറി നടത്തിയാണ് ഇവർ വിൽപന നടത്തിവന്നിരുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വാഹനപരിശോധനയ്ക്കിടെ പുറക്കാട് ആന്ദേശ്വരം പുതുമനച്ചിറ വീട്ടിൽ അജിത്ത്(അജയകുമാർ35), ഇല്ലിച്ചിറ ദേശത്ത് രതീഷ് ഭവനം വീട്ടിൽ രഞ്ജിത്ത് (27) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 5 ലിറ്റർ കന്നാസ്,ഒരുലിറ്ററിന്റെ രണ്ട് പ്ലാസ്റ്റിക് കുപ്പികൾ എന്നിവയിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. സ്കൂട്ടറിന്റെ സീറ്റിനടിയിലും മുൻ സൈഡിലുള്ള ഹുക്കിൽ തൂക്കിയിട്ട നിലയിലും മടിക്കുത്തിലുമാണ് ചാരായം സൂക്ഷിച്ചിരുന്നത്.
അജയകുമാറും രഞ്ജിത്തും ചേർന്നാണ് ചാരായക്കച്ചവടം നടത്തിവന്നിരുന്നത്. കഴിഞ്ഞ മൂന്ന് മാസക്കാലത്ത് വൻതോതിൽ ചാരായം ഇരുവരും അന്പലപ്പുഴ, വണ്ടാനം, തോട്ടപ്പള്ളി ഭാഗങ്ങളിൽ വിൽപന നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മുൻകൂർ ഓർഡർ സ്വീകരിച്ച് ഒരു ലിറ്റർ, രണ്ട് ലിറ്റർ, അഞ്ച് ലിറ്റർ അളവുകളിൽ ആവശ്യപ്പെടുന്ന സ്ഥലങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ ചാരായം എത്തിച്ചു നൽകി വന്നിരുന്നു. വിശേഷ ദിവസങ്ങളിലും ബാറുകൾ പ്രവർത്തിക്കാത്ത ദിവസങ്ങളിലും ഇവരുടെ ചാരായത്തിന് വൻ ഡിമാന്ഡാണ്.
ഒരു ലിറ്റർ ചാരായം 600 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. പിടിച്ചെടുത്ത ചാരായം കർക്കിടകവാവ് പ്രമാണിച്ച് പ്രത്യേക ചേരുവകൾ ചേർത്ത് തയ്യാറാക്കിയതാണ്. ഇപ്രകാരം തയ്യാറാക്കിയ ചാരായം അന്പലപ്പുഴ ഭാഗത്തെ ആവശ്യക്കാർക്ക് നൽകി മടങ്ങയവെയാണ് മിച്ചമുള്ള ചാരായവുമായി പ്രതികൾ പിടിയിലാവുന്നത്.
സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ചാരായം നിർമിച്ച് നൽകിയ കരുവാറ്റ സ്വദേശിയെപ്പറ്റി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒളിസങ്കേതവും വാറ്റുകേന്ദ്രമെന്ന് സംശയിക്കുന്ന അപ്പർ കുട്ടനാട്ടിലെ വെള്ളത്താൽ ചുറ്റപ്പെട്ട ഇല്ലിച്ചിറ ഭാഗത്തെ ആൾ താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തി്. പ്രദേശങ്ങളിൽ തുടർന്നും തിരച്ചിൽ ശക്തിപ്പെടുത്തും.
ഓണത്തോടനുബന്ധിച്ച് ചാരായമടക്കം മദ്യം ഓണക്കാല പരിശോധനയ്ക്ക് മുന്പ് തന്നെ ശേഖരിച്ച് വെയ്ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയുടെ തെക്കൻ സ്ഥലങ്ങളായ ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ, നൂറനാട് മേഖലകളിലെ മദ്യ ഉത്പാദന സാധ്യതയുള്ള കേന്ദ്രങ്ങളിലും സാധ്യതയുള്ള അനധികൃതമദ്യ വിൽപന കേന്ദ്രങ്ങളിലും എക്സൈസ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ആർ.സുൽഫിക്കർ, അസി.എക്സൈസ് കമ്മീഷണർ ജോസ് മാത്യൂ എന്നിവരുടെ പ്രത്യേക നിർദേശപ്രകാരമാണ് പ്രദേശങ്ങളിൽ റെയ്ഡുകൾ നടത്തിയത്. അജയകുമാർ നിരവധി പൊലീസ് കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.