സ്വന്തം ലേഖകൻ
തൃശൂർ: ഡിസംബറിലെ ആഘോഷരാവുകൾക്ക് കൊഴുപ്പുപകരാൻ ലഹരി ഒഴുകുമെന്ന സൂചനകളെ തുടർന്ന് എക്സൈസ് അതീവ ജാഗ്രതയിൽ. ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തേക്ക് മദ്യത്തിനു പുറമെ സിന്തറ്റിക് ഡ്രഗ് ഉൾപ്പടെയുള്ള മയക്കുമരുന്നുകൾ യഥേഷ്ടമെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടേയും നിഗമനങ്ങളുടേയും അടിസ്ഥാനത്തിലാണ് എക്സൈസ് കേരളമെങ്ങും ജാഗ്രത പുലർത്തുന്നത്.
എറണാകുളം കേന്ദ്രീകരിച്ചുള്ള ഡിജെ പാർട്ടികൾ എക്സൈസിന്റെ കർശന നിരീക്ഷണത്തിലാകും. എറണാകുളത്തിന്റെ തൊട്ടടുത്ത ജില്ലയായ തൃശൂരിൽ നിന്നും നിരവധി പേർ എറണാകുളത്തെ ഡിജെ പാർട്ടികളിലും മറ്റും സജീവമായി പങ്കെടുക്കുന്നുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്.
സ്കൂൾ തലം മുതൽ കോളജ് തലം വരെയുള്ളവർ പുതിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. യുവതലമുറയിൽ മദ്യപാന ശീലത്തേക്കാൾ മയക്കുമരുന്നുപയോഗം കൂടി വരുന്നതായാണ് എക്സൈസ് അധികൃതർ വിലയിരുത്തുന്നത്.
ബാറുകളേക്കൾ സുഖം വീട്ടിലെ അടച്ചിട്ട മുറി
ബാറുകളിലും മറ്റുമെത്തുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ടെന്നും മയക്കുമരുന്നുപയോഗിക്കുന്നവർ വീടുകളിലെയും ഫ്ളാറ്റുകളിലേയും മുറികളിൽ അടച്ചിരിപ്പാണെന്നും പല കേസുകളുടേയും വെളിച്ചത്തിൽ മനസിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
മദ്യപിച്ച് വാഹനമോടിച്ച് പോലീസ് പിടികൂടുന്നതിനേക്കാൾ എത്രയോ സുരക്ഷിതമാണ് വീട്ടിലെ മുറിയിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്ന ചിന്ത യുവതലമുറയിൽ വ്യാപകമാകുന്നതായും ഇവർ ചൂണ്ടിക്കാട്ടി.
കറങ്ങിയടിച്ച് നടന്നിരുന്ന മക്കൻ വീടിനു പുറത്തുപോകാതെ മുറിയിൽ തന്നെ അടച്ചിരുന്നപ്പോൾ സന്തോഷിച്ചിരുന്നുവെന്നും എന്നാൽ പിന്നീടാണ് അവൻ മുറിയടച്ചിരുന്ന മയക്കുമരുന്നുപയോഗിക്കുകയായിരുന്നുവെന്ന് മനസിലായതെന്നും പറഞ്ഞ് പല അച്ഛനമ്മമാരും എക്സൈസ് അധികൃതർക്ക് മുന്നിൽ കൗണ്സിലിംഗിന് എത്തുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.
പിടിയിലാകുന്നത് എന്നും ഇടനിലക്കാർ
അതിർത്തി കടന്നും അല്ലാതെയും എത്തുന്ന മയക്കുമരുന്നുകൾക്ക് പിന്നാലെ നിതാന്ത ജാഗ്രതയോടെ എക്സൈസ് സംഘം പായുന്നുണ്ടെങ്കിലും പിടിയിലാകുന്നത് എന്നും ഇടനിലക്കാർ മാത്രം. എവിടെ നിന്നു വന്നുവെന്നോ ആർക്കാണ് കൊണ്ടുകൊടുക്കേണ്ടതെന്നോ അറിയാത്ത അന്യസംസ്ഥാനക്കാരായ ഇടനിലക്കാരാണ് എക്സൈസിന്റെയും പോലീസിന്റെയും പിടിയിലാകുന്നത്.
ഈ കാരിയർമാർക്ക് നിശ്ചിതസ്ഥലത്ത് സാധനം എത്തിക്കേണ്ട ചുമതല മാത്രമേ ഉണ്ടാകാറുള്ളു. ഇവരിൽ നിന്ന് എക്സൈസിന് കാര്യമായ യാതൊരു വിവരവും കിട്ടാറില്ലെന്നതാണ് മറ്റൊരു വസ്തുത. മലയാളികളും അന്യസംസ്ഥാനക്കാരും കാരിയർമാരായി പ്രവർത്തിക്കുന്നുണ്ട്.
സാന്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന അന്യസംസ്ഥാനക്കാരായ യുവാക്കൾ മയക്കുമരുന്ന് കാരിയർമാരായി കേരളത്തിലെത്തുന്നുണ്ടത്രെ. ഇവർക്ക് കയ്യിൽ അത്യാവശ്യം പൈസയും സാധനം പറയുന്ന സ്ഥാനത്തെത്തിക്കാൻ ബൈക്കും ഏജന്റ് നൽകും. ഈ ബൈക്ക് പെട്ടന്നൊന്നും തിരിച്ചുവാങ്ങില്ല. കാരിയർമാർക്ക് കറങ്ങിനടക്കാൻ ഈ ബൈക്കുപയോഗിക്കാം.
കയ്യിൽ പണവും ബൈക്കും വരുന്നതോടെ കാരിയർ പണിയോട് കന്പം കയറി ഇവർ ഇതിൽ തന്നെ തുടരും. ഇതിനിടെ പിടിയിലായാൽ ജയിൽ വാസവും. പല കൈമറിഞ്ഞ് തങ്ങളുടെ കയ്യിലെത്തുന്ന മയക്കുമരുന്നിന്റെ ഉറവിടങ്ങളെക്കുറിച്ച് ഒന്നും പറയാൻ കഴിയാതെ എത്രയോ കാരിയർമാർ ഇപ്പോഴും ജാമ്യം പോലും കിട്ടാതെ ജയിലിൽ കഴിയുന്നുണ്ട്.
തെറ്റിപ്പിരിഞ്ഞ കാരിയർമാർ സഹായികൾ
മയക്കുമരുന്ന് വേട്ടയ്ക്കിറങ്ങുന്ന എക്സൈസിന് പലപ്പോഴും സഹായികളായി വരുന്നത് കാരിയർമാരായി നിന്ന് പിന്നീട് ഏജന്റുമാരുമായി തെറ്റിപ്പിരിഞ്ഞവർ. പണത്തിന്റെ പേരിലാണ് പലപ്പോഴും കാരിയർമാർ തെറ്റിപ്പിരിയുന്നതെന്നും അപൂർവം ചിലർ മാനസാന്തരം വന്ന് കാരിയർ പണി വേണ്ടെന്ന് വെച്ചവരുമായുണ്ടെന്ന് അധികൃതർ പറയുന്നു.
ഇക്കൂട്ടർ പലപ്പോഴും എക്സൈസിനെ കൃത്യമായ വിവരങ്ങൾ തന്ന് സഹായിക്കാറുണ്ട്. ചിലപ്പോഴൊക്കെ തെറ്റായ വിവരങ്ങളും ഇക്കൂട്ടർ നൽകുമത്രെ. ഒരിക്കലും പേരോ വിലാസമോ ഫോണ്നന്പറോ വെളിപ്പെടുത്താതെ ഇൻഫർമേഷൻ മാത്രം പാസ് ചെയ്ത് അജ്ഞാതരായി തുടരാനാണ് തെറ്റിപ്പിരിഞ്ഞ ഈ കാരിയർമാർക്കിഷ്ടം.