കൊല്ലം: കൊറോണ ബാധയെ തുടർന്ന് മദ്യവില്പന നിരോധിച്ചതോടെ ചാരായം വാറ്റും വില്പനയും പൊടിപൊടിക്കുകയാണ്. കായലോരങ്ങളും വനമേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ് .
വീടുകളിൽ ചാരായം വാറ്റി വില്പന നടത്തുന്നതും ഗ്രാമീണ മേഖലകളിലേറി. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ വരെ ഈടാക്കുന്നവരും ഉണ്ട്. മദ്യത്തിനായി പരക്കംപായുന്നവർക്ക് വില പ്രശ്നമല്ല.
നേരത്തെ എക്സൈസും പോലീസും ചേർന്നായിരുന്നു പരിശോധന .ഇപ്പോൾ മിക്ക പ്രദേശങ്ങളിലും എക്സൈസ് സംഘങ്ങൾ മാത്രമാണ് പരിശോധന.വിവരം ലഭിക്കുന്ന കേസുകളിൽ അവർ ഓടിയെത്തി വാറ്റ് സംഘങ്ങളെ പിടികൂടുകയും ചെയ്യുന്നുണ്ട്.
വളരെ കുറച്ചു കേസുകളെന്നു മാത്രം.വാറ്റുകാരെ കുറിച്ച് പലപ്പോഴും സമീപവാസികൾ പറയാറില്ല. എന്നിട്ടും നിരവധി പേരെ എക്സൈസ് സംഘം ദിനംപ്രതി പിടികൂടുന്നു.ഇതിൽ നിന്ന് വാറ്റ് സംഘങ്ങളുടെ വർധന ഊഹിക്കാവുന്ന തെയുള്ളു.
ഉറുകുന്ന് പൊള്ളച്ചാലിൽ വീട്ടിലെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 770 ലിറ്റർ കോട ഇന്നലെ എക്സൈസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് രാഹുൽ രാജ് എന്നയാൾ പിടിയിലായി .അച്ചൻകോവിലിൽ വീടിനോട് ചേർന്നുള്ള രഹസ്യ അറയിൽ നിന്ന് 275 ലിറ്റർ കോടയും പിടികൂടി.
വീട്ടുടമയേയും കസ്റ്റഡിയിലെടുത്തു.ഇയാൾ ഒരു ലിറ്റർ ചാരായത്തിന് 1000 രൂപയാണ് വാങ്ങിയിരുന്നത്.കരുനാഗപ്പള്ളിയിൽ വൻതോതിൽ ചാരായം വാറ്റി വില്പന നടത്തിവന്ന യുവാവും ഇന്നലെ കസ്റ്റഡിയിലായി.
ശാസ്താംകോട്ടയിൽ വീടിന്റെ അടുക്കളയിൽ വച്ച് ചാരായം വാറ്റി വില്പന നടത്തിവന്ന ഇടവനശേരി സ്വദേശിയായ യുവാവിനെയും എക്സൈസ് സംഘം പിടികൂടി. 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.