ആലപ്പുഴ: ആധുനിക സാങ്കേതിക വിദ്യകളുമായി വാറ്റുസംഘങ്ങൾ സജീവമാകുന്നുവെന്ന് സൂചന. മൂന്നിരട്ടിയിലേറെ ലാഭം കൊയ്യാമെന്നതാണ് വാറ്റുകാരുടെ ആവേശം കൂട്ടുന്നത്.
പോലീസും എക്സൈസും കൊറോണയ്ക്കു പിന്നാലെ കൂടിയിരിക്കുന്നതിനാൽ വലിയ ശല്യമുണ്ടാവില്ലെന്നതും അനുകൂല ഘടകമാണ്. വാറ്റുചാരായ ഉത്പാദകർക്ക് പ്രാദേശിക രാഷ്ട്രീക്കാരുടെ പിൻബലം കിട്ടുന്നുണ്ടെന്നാണ് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരുടെ പരാതി.
ചെറുതോടുകളും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശങ്ങൾ ഇത്തരക്കാർ ഉപയോഗിക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്. മുൻകാലങ്ങളിൽ ശർക്കരയും മറ്റ് അസംസ്കൃത വസ്തുക്കളും കലർത്തിയ കോട ഉപയോഗിച്ചാണ് ചാരായം ഉണ്ടാക്കിയിരുന്നത്.
ഇപ്പോൾ വർധിത വീര്യമുള്ള രാസപദാർഥങ്ങളാണ് ചേർക്കുന്നത്. ചെലവിന്റെ മൂന്നിരട്ടിയാണ് ഈ സമയത്തെ ലാഭം എന്നതിനാൽ കൂടുതൽ കേന്ദ്രങ്ങൾ രൂപപ്പെടുമോ എന്ന ആശങ്കയിലാണ് അധികൃതർ.