പാലാ: കഞ്ചാവ് സംഘത്തെ തേടിയിറങ്ങിയ പോലീസിനു കിട്ടിയതു വാറ്റു ചാരായ സംഘത്തെ. ഒരാളെ പിടികൂടിയെങ്കിലും രണ്ടു പേർ ഓടിരക്ഷപ്പെട്ടു. ഇവർക്കു വേണ്ടിയുള്ള പോലീസ് അന്വേഷണവും ഉൗർജിതമാക്കിയിട്ടുണ്ട്.
പാലാ ഇടപ്പാടിയിലെ വിജനമായ മീനാറാ തോടിന്റെ കരയിൽ വാറ്റുചാരായം നിർമിച്ചു കൊണ്ടിരുന്ന ജോബിൻ ജോസഫ് (ആമ), തോമസുകുട്ടി എന്നിവരാണ് പോലീസിനെ കണ്ട് തോട്ടിലുടെ ഓടിരക്ഷപ്പെട്ടത്.
വാറ്റു ചാരായ നിർമാണത്തിനു നേതൃത്വം നല്കിയ ഇടപ്പാടി പുളിമൂട്ടിൽ ജോർജിനെ (57) പോലീസ് പിടികൂടുകയും ചെയ്തു.വിജനമായ തോടിന്റെ കരയിലാണ് സംഘം നാളുകളായി വാറ്റ് നടത്തിയിരുന്നത്.
സംഭവസ്ഥലത്തുനിന്നും 30 ലിറ്ററോളം വാഷും ഗ്യാസ് സിലിണ്ടർ ഉൾപ്പടെയുളള മറ്റ് വാറ്റുപകരണങ്ങളും പോലീസ് കണ്ടെടുത്തു. രക്ഷപ്പെട്ടവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്ത് കഞ്ചാവ് വില്പന നടക്കുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചതോടെയാണ് പോലീസ് പരിശോധനയ്ക്കായി എത്തിയത്. അപ്രതീക്ഷിതമായി എത്തിയ പോലീസ് സംഘത്തിനു മുന്നിൽ വാറ്റുകാർ കുടുങ്ങുകയായിരുന്നു.
ലിറ്ററിന് 1500 മുതൽ 2000 രൂപയ്ക്കായാണ് ചാരായം വിറ്റിരുന്നത്. കാടു പിടിച്ച തോട്ടിലൂടെ 200 മീറ്റർ വെള്ളത്തിലൂടെ സഞ്ചരിച്ചാണ് പ്രതിയെ പിടികൂടിയത്.
പാലാ എസ്ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ബിജു കെ. തോമസ്, എസ്സിപിഒമാരായ ഷെറിൻ സ്റ്റീഫൻ, റെനീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.