തേഞ്ഞിപ്പലം: സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് മലപ്പുറം ജില്ലയിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ വിദേശ മദ്യവിൽപ്പനശാലകൾ കൂട്ടത്തോടെ പൂട്ടിയതോടെ ജില്ലയിൽ ചാരായ വാറ്റും വിൽപ്പനയും തുടങ്ങി. ജില്ലയുടെ മലയോര മേഖലകളിലും ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിലുമാണ് ചാരായ വാറ്റ് വീണ്ടും തുടങ്ങിയത്. ചില കേന്ദ്രങ്ങളിൽ അതീവ രഹസ്യമായി വീടുകളിലും വാറ്റി വിൽപ്പനയുണ്ട്.
സുപ്രീം കോടതി വിധിയെ തുടർന്ന് വിദേശ മദ്യവിൽപ്പന ശാലകൾ കൂട്ടത്തോടെ പൂട്ടിയതോടെ മലപ്പുറം ജില്ലയിൽ അവശേഷിച്ചത് തിരൂരിലെ ബീവറേജസ് ഒൗട്ട്ലെറ്റ് മാത്രമാണ്. ഇതോടെ മദ്യലഭ്യത കുത്തനെ കുറഞ്ഞു.ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്ന് തിരൂരിലെ ബീവറേജസ് ഒൗട്ട്ലെറ്റിലേക്ക് എത്തിപ്പെടാനാകാത്തവർ നിരവധിയാണ്.
എത്തിയാൽ തന്നെ മണിക്കൂറുകൾ ക്യൂവിൽ കാത്തുനിന്ന് കഷ്ടപ്പെട്ടുവേണം മദ്യം വാങ്ങാൻ. ഇത്തരമൊരു സാഹചര്യത്തിലാണ് ദിനംപ്രതി മദ്യം കഴിക്കുന്നവരിൽ പലരും ചാരായ വാറ്റും വിൽപ്പനയും തുടങ്ങിയിരിക്കുന്നത്. ഡബിൾ വിലയ്ക്കുള്ള വിൽപ്പനയും ഇരട്ടി ലാഭവും കിട്ടുന്നതിനാൽ മറ്റ് ജോലികൾ ഉപേക്ഷിച്ചുപോലും പലരും ഇത്തരം പ്രവൃത്തികളിലേക്ക് തിരിഞ്ഞതായാണ് സൂചന.
എന്നാൽ ഇതുസംബന്ധിച്ച് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വ്യാപക റെയ്ഡിനും തുടർനടപടിയ്ക്കും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ മടിച്ചു നിൽക്കുകയാണ് എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥർ. ചാരായ വാറ്റിന് പുറമെ കള്ളുഷാപ്പുകളിൽ തിരക്കു കൂടിയതോടെ ലഹരിയുടെ തോത് കൂട്ടിയാണ് വിൽപ്പന. ആവശ്യത്തിന് ലഭ്യതയില്ലാത്തതിനാൽ വരും ദിവസങ്ങളിൽ വില വർധനവിനും നീക്കമുണ്ട്.