മാന്നാർ: പശുവളർത്തലിന്റെ മറവിൽ ചാരായ വിൽപ്പന നടത്തിയ മധ്യവയസ്ക പിടിയിൽ. ബുധനൂർ എണ്ണയ്ക്കാട് ഗ്രാമം രാജീവ് ഭവനിൽ രാജന്റെ ഭാര്യ വാസന്തി (60) യാണ് പിടിയിലായത്.
ചെങ്ങന്നൂർ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 60 ലിറ്റർ ചാരായം പിടികൂടിയത്.
പ്രതിയെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാജവാറ്റ് കേന്ദ്രങ്ങളും മുൻ പ്രതികളും എക്സൈസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു.
ഇത്തരത്തിലാണ് ഇവരെ നിരീക്ഷണത്തിലാക്കി പിടികൂടിയത്. മൂന്നു പശുക്കളുള്ള ഇവർ ഇതിനെ പരിപാലിക്കുന്ന മറവിലാണ് ചാരായം വിറ്റിരുന്നത്.
പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിഇഒമാരായ അജേഷ്, ദീപു, വനിത സിവിൽ എക്സൈസ് ഓഫീസർ അനിതാകുമാരി എന്നിവരുടെ സംഘമാണ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്.
വ്യാജമദ്യ, ലഹരി വിൽപ്പന സംബസിച്ച പരാതികൾ 9400069501, 04792451818 ഈ നമ്പരുകളിൽ അറിയിക്കണമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.