ചാരുംമൂട്: നൂറനാട് എക്സൈസ് റേഞ്ച് സംഘം താമരക്കുളം കണ്ണനാകുഴി ഭാഗത്തെ വ്യാജവാറ്റ് കേന്ദ്രത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ മാവേലിക്കര താമരക്കുളം കണ്ണനാകുഴിയിൽ വീട്ടിൽ നിന്നും 250 ലിറ്റർ കോടയും പത്തുലിറ്റർ ചാരായവും ഉപകരണങ്ങളും കണ്ടെടുത്തു.
രാജീവ് ഭവനത്തിൽ അച്ചാമ്മ എന്ന് വിളിക്കുന്ന രാജമ്മ (75) താമസിക്കുന്ന വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. നൂറനാട് എക്സൈസ് റേഞ്ച്ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫിസർ അബ്ദുൽ ഷുക്കൂറിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെയോടെയായിരുന്നു പരിശോധന.
ഒരു ലിറ്റർ ചാരായം ആയിരം രൂപ നിരക്കിലാണ് ഇവർ നൽകിയിരുന്നത്. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് ഒരു ചെറിയ കുപ്പി ചാരായം സൗജന്യമായി നൽകിയിരുന്നു. പിടിക്കപ്പെടാൻ സാധ്യത ഉള്ളതിനാൽ ഇവർ വീട്ടിലിരുന്ന് ചാരായം കഴിക്കാൻ ആരെയും അനുവദിച്ചിരുന്നില്ല.
എക്സൈസിന്റെ രാത്രികാല പരിശോധന ശക്തമായതോടെ പകൽ സമയത്താണ് ഇവർ വാറ്റിയിരുന്നത്. വാറ്റ് സമയത്ത് മണം പുറത്തറിയാതിരിക്കാൻ ചന്ദനത്തിരിയും സാമ്പ്രാണിയും പുകയ്ക്കന്നതിന്റെ അവശിഷ്ടങ്ങൾ ലഭിച്ചതായി എക്സൈസ് പറഞ്ഞു. ഇവർ മുൻ ചാരായ കേസിലെ പ്രതിയാണ്.
രാജമ്മയ്ക്കെതിരേ കേസെടുത്തു. റെയ്ഡിന് ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ സിഇഒമാരായ അശോകൻ, താജുദീൻ, രാജീവ് എന്നിവരും പങ്കെടുത്തു. ഹരിപ്പാട്: ബാറുകളും ബിവറേജസ് കോർപറേഷൻ വില്പന ശാലകളും പൂട്ടിയതോടെ വ്യാജവാറ്റ് വ്യാപകമാകുന്നു.
വർഷങ്ങൾക്കു മുന്‍പു വാറ്റും വില്പനയും നിർത്തിയ പലരും ഇപ്പോൾ വീണ്ടും രംഗത്തിറങ്ങിതയാണ് പോലീസിന് വിവരം ലഭിക്കുന്നത്. കഴിഞ്ഞദിവസം തൃക്കുന്നപ്പുഴ എസ്എൻ നഗറിൽ നിന്നും 120 ലിറ്റർ കോട പോലീസ് സംഘം പിടികൂടിയിരുന്നു.
പള്ളിപ്പാട് പുല്ലമ്പടയ്ക്ക് വടക്ക്, ചേപ്പാട് പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വ്യാജവാറ്റ് തുടങ്ങിയിരിക്കുന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ബാറുകളും വിദേശ മദ്യവില്പന കേന്ദ്രങ്ങളും അടച്ചിട്ട സാഹചര്യം പ്രയോജനപ്പെടുത്താനാണ് വ്യാജ വാറ്റുകാർ ശ്രമിക്കുന്നത്.
തരിശു പാടങ്ങളും കായൽ പുറമ്പോക്കുകളുമാണ് കേന്ദ്രങ്ങൾ. പോലീസും എക്സൈസും ഊർജിതമായി തെരച്ചിൽ തുടങ്ങി. വാഹന ഗതാഗതത്തിനു നിയന്ത്രണമുള്ളതിനാൽ പ്രാദേശിക വില്പനയാണ് വാറ്റുകാരുടെ ലക്ഷ്യം. ഇതിനാൽ പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
തൃക്കുന്നപ്പുഴ എസ്എൻ നഗറിൽ കായലോരത്ത്നിന്നു കോട പിടിച്ചെങ്കിലും ആരുടേ താണെന്ന് മനസിലാക്കാൻ കഴിയാത്തതിനാൽ ആരുടെയും പേരിൽ കേസെടുത്തിട്ടില്ല. പ്രദേശത്ത് അന്വേഷണം തുടരുകയാണ്. ശർക്കരയും മറ്റും വൻതോതിൽ വാങ്ങിക്കൂട്ടുന്നവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ചേര്‍ത്തല: ചേര്‍ത്തലയില്‍ വ്യാജവാറ്റ് വര്‍ധിക്കുന്നു. ഇന്നലെ മാത്രം പോലീസും എക്സൈസും നടത്തിയ റെയ്ഡില്‍ പിടികൂടിയത് 160 ഓളം ലിറ്റര്‍ കോടയും ഉപകരണങ്ങളും. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചേര്‍ത്തല തെക്കില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ അരീപ്പറമ്പിന് തെക്കുവശം വീടിനോട് ചേർന്നുള്ള കയർ ഷെഡിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി. ചാരായം വാറ്റുന്നതിനുവേണ്ടി സൂക്ഷിച്ചിരുന്ന 140 ലിറ്റർ കോടയും, 750 മില്ലി ചാരായവും, വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ ചാണികാട്ടുവെളി രതീഷിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു.
ചേര്‍ത്തല തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ചിന്നക്കവല ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ ചക്കനാട്ട് ഭാഗത്ത് പഞ്ചായത്ത് തോടിനുസമീപം കന്നാസില്‍ കുഴിച്ചിട്ട നിലയില്‍ 35 ലിറ്റര്‍ കോടയും ചാരായം വാറ്റുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി.
ചേർത്തല എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ എ. കുഞ്ഞുമോന്, സി.എന്‍. ജയന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എക്സൈസ് ഓഫീസർമാരായ ഡി. മായാജി, സി.എന്‍. ബിജുലാല്‍, സി. സാലിച്ചന്, കെ.പി. സജിമോന്‍, കെ.ആർ. ഗിരീഷ് കുമാർ, കെ.ടി. കലേഷ്, ഡ്രൈവര്‍ എസ്.എന്‍. സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.
അർത്തുങ്കല്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന റെയ്ഡില്‍ അര്‍ത്തുങ്കല്‍ ആയിരംതൈയിലെ ആള്‍താമസം ഇല്ലാത്ത വീട്ടില്‍ നിന്ന് 30 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു.
തൈക്കല്‍, ആയിരംതൈ സ്വദേശികളായ ഷിജു, നവറോജി, ഓങ്കാര്ജി, വിഷ്ണു, അരുണ്‍ബാബു എന്നിവരാണ് പിടിയിലായത്. ഷിജുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് വാറ്റാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ചേര്‍ത്തലയില്‍ എക്സൈസ് നടത്തിയ പരിശോധനകളിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 250 ലിറ്റർ വൈൻ, 200 ലിറ്റർ കോട, 750 മില്ലി വാറ്റുചാരായം, വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തിരുന്നു.
മദ്യശാലകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ചേർത്തല റേഞ്ച് പരിധിയിൽ വ്യാജമദ്യത്തിനെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വ്യാജവാറ്റ്, വ്യാജമദ്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ 0478-2823547, 9400069497 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കണമെന്നും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ബിനു പറഞ്ഞു.