പത്തനാപുരം : പട്ടാഴിയിൽ വൻ ചാരായ വിൽപ്പന കേന്ദ്രം ജില്ലാ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. 75 ലിറ്റർ ചാരായവും 575 ലിറ്റർ കോടയും വാറ്റുപകരങ്ങളും പിടിച്ചെടുത്തു. പത്തനാപുരം പട്ടാഴി ഏറത്ത് വടക്ക് ലീല ഭവനത്തിൽ സലിൻ(42), തലവൂർ പാണ്ടിത്തിട്ട രാജേഷ് ഭവനത്തിൽ രാജേഷ് കുമാർ(39) എന്നിവരാണ് പിടിയിലായത്.
കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ എസ് രഞ്ജിത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ഷാഡോ സംഘവും ജില്ലാ രഹസ്യാന്വേഷണ വിഭാഗവും ഒരാഴ്ചയായി ഈ ചാരായ വില്പനക്കാരെ നിരീക്ഷിച്ചു വരികയായിരുന്നു. അതീവ രഹസ്യമായി നടത്തിയിരുന്ന ചാരായ വിൽപ്പന തന്ത്രപരമായ നീക്കത്തിലൂടെയാണ് എക്സൈസ് പിടികൂടിയത്. ആവശ്യക്കാർ എന്ന രീതിയിൽ സമീപിച്ച് ലിറ്ററിന് 1000 രൂപ വിലപറഞ്ഞു ഉറപ്പിച്ചു.
50 ലിറ്റർ ആവശ്യപ്പെട്ടത് നൽകുവാനായി കാറിൽ കൊണ്ടുവരുന്ന വഴിയാണ് പിടിയിലായത്. തുടർന്ന് ഒന്നാം പ്രതി സലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കോടയും വാറ്റുപകരങ്ങളും കണ്ടെടുത്തു. ഇവർ മുൻ സ്പിരിറ്റ് കേസുകളിൽ പ്രതികളാണ്.
എക്സൈസ് സി ഐ നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ ഇന്റലിജൻസ് ഉദ്യോഗസ്ഥരായ ദിലീപ്, ഷിഹാബ് ,റെജി ,സഹീർഷ പ്രിവന്റീവ് ഓഫീസർ നിഷാദ്, ശ്രീകുമാർ, സി ഇ ഓ മാരായ അനിൽകുമാർ ,ടോമി, പ്രസന്നൻ വൈശാഖ് ,സുനിൽ, ഗംഗ എന്നിവർ പങ്കെടുത്തു