കോട്ടയം: യുഡിഎഫിൽ കോണ്ഗ്രസും കേരള കോണ്ഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ ഒന്പത് സീറ്റുകളിൽ ധാരണയായി. രണ്ടക്കം തികയ്ക്കാൻ ഒരു സീറ്റുകൂടി വൈകാതെ നൽകാമെന്ന ധാരണയിൽ ഇന്നലെ സീറ്റ്പാക്കേജ് ചർച്ച അവസാനിപ്പിച്ചു.
കോണ്ഗ്രസ് ബലം പിടിച്ചുനിന്ന ഏറ്റുമാനൂർ സീറ്റും ജോസഫ് വിഭാഗത്തിന് നൽകും. സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.കോട്ടയം ജില്ലയിൽ കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകളും പത്തനംതിട്ട ജില്ലയിൽ തിരുവല്ല, ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ഇടുക്കി ജില്ലയിൽ തൊടുപുഴ, ഇടുക്കി, തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട,എറണാകുളം ജില്ലയിൽ കോതമംഗലം സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ലഭിക്കുക.
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, തിരുവന്പാടി, പേരാന്പ്ര എന്നീ സീറ്റുകളിലൊന്നുകൂടി നൽകണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും കോണ്ഗ്രസ് വഴങ്ങിയില്ല. ജയസാധ്യതയുള്ള മറ്റൊരു സീറ്റ് കൂടി നൽകി 10 സീറ്റ് എന്ന നിലയിൽ രണ്ടക്കം തികച്ച ധാരണയാക്കാമെന്നാണ് ഇന്നലെ ചർച്ചയിൽ തീരുമാനമുണ്ടായത്.
മാണി വിഭാഗത്തിന് നാല് സീറ്റ്
എൽഡിഎഫിൽ കേരള കോണ്ഗ്രസ്-എമ്മിന് കോട്ടയം ജില്ലയിൽ പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി സീറ്റുകൾ ഉറപ്പായി. പത്തനംതിട്ടയിൽ റാന്നി, ഇടുക്കി ജില്ലയിൽ ഇടുക്കി, തൊടുപുഴ, എറണാകുളത്ത് പിറവം സീറ്റുകളും ഉറപ്പായി.
പെരുന്പാവൂർ, ഇരിക്കൂർ സീറ്റുകളും മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനൽകുന്നതിന്റെ ഭാഗമായി സിപിഐക്ക് ചങ്ങനാശേരി സീറ്റ് വിട്ടു നൽകുമെന്നാണ് സൂചന. ചങ്ങനാശേരി കൂടി ലഭിക്കണമെന്ന് മാണി വിഭാഗം എൽഡിഎഫിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ വിഭാഗങ്ങളെയുംപരിഗണിക്കണമെന്ന്
ജില്ലയിൽ കോണ്ഗ്രസ് മത്സരിക്കുന്ന അഞ്ചു സീറ്റുകളിൽ ഒരെണ്ണം ഐഎൻടിയുസിക്ക് നൽകണമെന്ന് ജില്ലാ കമ്മിറ്റി അടിയന്തര യോഗം തീരുമാനിച്ചു. കെപിസിസി സെക്രട്ടറിയും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ ഫിലിപ്പ് ജോസഫിന് ഏറ്റുമാനൂരോ പൂഞ്ഞാറോ നൽകണം.
എല്ലാ സീറ്റിലും ഒരു വിഭാഗം മാത്രം മത്സരിക്കുന്നത് അംഗീകരിക്കാനാവില്ല. മൂന്ന് സീറ്റിൽ നിന്ന് അഞ്ച് സീറ്റിലേക്ക് വരുന്പോൾ അതിൽ പ്രാതിനിധ്യം എല്ലാ വിഭാഗങ്ങൾക്കും കൊടുക്കണം.
താഴെത്തട്ടിൽ പ്രവർത്തക്കരുമായി ബന്ധമുള്ളവരെ ഒഴിവാക്കി സ്ഥാനം കിട്ടുന്പോൾ മാത്രം പ്രവർത്തിക്കുന്നവരെ മത്സരിപ്പിക്കാനുള്ള നീക്കം എന്തുവില കൊടുത്തും തടയുമെന്നും ഐഎൻടിയുസി യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി. മനോജ്, പി.വി. പ്രസാദ്, എം.എൻ. ദിവാകരൻ നായർ, ജോയ് സ്കറിയ, നന്ദിയോട് ബഷീർ, സണ്ണി കാഞ്ഞിരം, മോഹൻദാസ് ഉണ്ണിമഠം, മുഹമ്മദ് ബഷീർ, പി.എച്ച്. അഷ്റഫ്, ജോമോൻ കുളങ്ങര, പി.വി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. വിപുലമായ കണ്വെൻഷൻ നടത്താൻ യോഗം തീരുമാനിച്ചു.