പാട്ന: ബിഹാറിലെ മുസാഫർപുരിൽ മസ്തിഷ്കജ്വരത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രിക്ക് അറിയേണ്ടത് ക്രിക്കറ്റ് സ്കോർ. ബീഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ സ്കോർ ചോദിച്ചത് വലിയ വിവാദമായിരിക്കുകയാണ്.
യോഗത്തിനിടെ മന്ത്രി സ്കോർ തിരക്കുന്നതിന്റെ വീഡിയോ പുറത്തുവന്നി ട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ എന്നിവർകൂടി പങ്കെടുത്ത യോഗത്തിലായിരുന്നു മംഗൾ പാണ്ഡെയുടെ സ്കോർ അന്വേഷണം. വാർത്താ സമ്മേളനത്തിടെ ’എത്ര വിക്കറ്റുകൾ വീണു’ എന്ന് ചോദിക്കുന്ന മന്ത്രിക്ക് കൂടെയുള്ള ഒരാൾ ’നാല് വിക്കറ്റുകൾ’ വീണു എന്ന മറുപടി നൽകുന്നതും പുറത്തുവന്ന വീഡിയോകളിൽ വ്യക്തമാണ്.
കഴിഞ്ഞ ദിവസം തന്നെ നടന്ന മറ്റൊരു യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി അശ്വനി കുമാർ ചൗബോ ഉറങ്ങുകയാണെന്ന ആരോപണവും ശക്തമാണ്. യോഗത്തിൽ ഹർഷ വർധൻ സ്ഥിതിഗതികൾ വിവരിക്കുന്നതിനിടയിലായിരുന്നു അശ്വനികുമാറിന്റെ ഉറക്കം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ, താൻ ഉറങ്ങുകയായിരുന്നെന്ന ആരോപണങ്ങൾ തെറ്റാണെന്നും താൻ ചിന്താകുലനായി ധ്യാനിക്കുകയായിരുന്നെന്നുമാണ് അശ്വിനിയുടെ പ്രതികരണം.
അതേസമയം മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 103 ആയി. തിങ്കളാഴ്ച ആറു കുട്ടികൾ കൂടി മരണത്തിനു കീഴടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ പത്രക്കുറിപ്പ് പ്രകാരം, ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിൽ (എസ്കഐംസിഎച്ച്) 85 കുട്ടികളും കേജരിവാൾ ആശുപത്രിയിൽ 18 കുട്ടികളുമാണു മരിച്ചിട്ടുള്ളത്.
ചികിത്സയിൽ കഴിയുന്ന 12 കുട്ടികളുടെ നില ഗുരുതരമാണെന്നാണു റിപ്പോർട്ടുകൾ പറയുന്നത്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞാണ് (ഹൈപ്പഗ്ലൈ സീമിയ) ഭൂരിഭാഗം കുട്ടികളും മരിച്ചതെന്നാണ് അധികൃതരുടെ വാദം.