മിസ് ലിയോ
സഹോദരൻ ആൻഡ്രെയ്ക്കു ശേഷം ശോഭരാജിന്റെ മനസ് സൂക്ഷിപ്പുകാരനായത് ഇന്ത്യൻ വംശജനായ അജയ് ചൗധരിയാണ്.
അതുവരെ മോഷണങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ശോഭരാജ് പതിയെ കൊടും കുറ്റകൃത്യങ്ങളിലേക്കു നീങ്ങി. ഇരുവരും ചേർന്ന് ആദ്യമായി നടത്തിയതായി കരുതപ്പെടുന്ന കൊലപാതകം നടക്കുന്നത് 1975ലാണ്.
സീറ്റിൽ സ്വദേശിനിയായ തെരേസ നോൽട്ടൺ ആയിരുന്നു ആദ്യ ഇര. ഗൾഫ് ഓഫ് തായ്ലൻഡിലെ ഒരു പൂളിൾ മുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
മനോഹരമായ പൂക്കളുടെ ചിത്രമുള്ള ബിക്കിനി ആയിരുന്നു അവർ ധരിച്ചിരുന്നത്. നീന്തുന്നതിനിടയിൽ യുവതി മരണപ്പെട്ടു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതി.
എന്നാൽ, മാസങ്ങൾക്കു ശേഷം വന്ന ഓട്ടോപ്സി റിപ്പോർട്ട് സത്യാവസ്ഥയിലേക്കു വിരൽ ചൂണ്ടി.
തെരേസയുടെ മരണം അപകടമായിരുന്നില്ല. മറിച്ച് അതൊരു കൊലപാതകമായിരുന്നു.
വിറ്റാലി ഹക്കിം എന്ന ജൂത യുവാവാണ് ശോഭരാജിന്റെ ക്രൂരതയ്ക്കിരയായ രണ്ടാമത്തെ യുവാവ്.
പട്ടായയിൽ ശോഭരാജിന്റെയും കൂട്ടാളികളുടെയും സ്ഥിരം കേന്ദ്രമായ റിസോർട്ടിനു സമീപം കത്തിക്കരിഞ്ഞ നിലയിലാണ് ഇയാളുടെ മൃതദേഹം കാണപ്പെട്ടത്.
പുതിയ ഇരകൾ
ഡച്ച് വിദ്യാർഥികളായ ഹെൻക് ബിതാൻചയും പ്രതിശ്രുത വധു കോർണേലിയ ഹെംക്കറുമാണ് അടുത്തതായി ശോഭരാജിന്റെ വലയിൽ കുടുങ്ങിയത്. ഹോംഗ്കോംഗിൽ വച്ചാണ് ഇരുവരും ശോഭരാജിനെ പരിചയപ്പെടുന്നത്.
ദന്പതികളുമായി സൗഹൃദം സ്ഥാപിച്ച ശോഭരാജ് ഇരുവരെയും തായ്ലൻഡിലേക്കു ക്ഷണിച്ചു. ഹോംഗ്കോംഗിലെത്തിയ ബിതാചയ്ക്കും കോർണേലിയയ്ക്കും ശോഭരാജ് ഭക്ഷണത്തിൽ സ്ലോ പോയ്സൺ കലർത്തി നൽകി.
ശേഷം അവശരായ ദന്പതികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകിക്കൊണ്ട് അവരുടെ വിശ്വാസ്യത നേടിയെടുത്തു.
ബിക്കിനി കില്ലർ
ഈ സമയത്തു ഹക്കിമ്മിന്റെ കാമുകി ചാർമൈൻ തായ്ലൻഡിലെത്തി. ഹക്കിമ്മിന്റെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായാണ് ചാർമൈൻ ശോഭരാജിനെ സമീപിച്ചത്.
എന്നാൽ, തന്റെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുമോ എന്നു ശോഭരാജ് ഭയന്നു. ഉടൻ തന്നെ ശോഭരാജും ചൗധരിയും ചേർന്നു ബിതാചയെയും കോർണേലിയയെയും അവരുടെ വീട്ടിൽനിന്നു പുറത്താക്കി.
1975 ഡിസംബർ 16ന് ഇരുവരുടെയും ശരീരങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
തൊട്ടടുത്ത ദിവസം തന്നെ ചാർമൈന്റെ മൃതശരീരം സമീപത്തെ കുളത്തിൽനിന്നു കണ്ടെത്തി. ആദ്യത്തെ ഇരയെപ്പോലെ ചാർമൈനും മരണസമയത്തു ബിക്കിനിയാണ് ധരിച്ചിരുന്നത്.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കൊലയാളിയിലേക്കു നീളുന്ന തുന്പൊന്നും ലഭിച്ചില്ല.
എന്നാൽ, രണ്ട് കൊലപാതകങ്ങളുടേയും സമാന സ്വഭാവങ്ങൾ കണക്കിലെടുത്തു പോലീസ് കൊലയാളിക്ക് ഒരു പേരു നൽകി – “ബിക്കിനി കില്ലർ’.
ഡിസംബർ 18ന് ബിതാചയുടേെയും കോർണേലിയയുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെ അവരുടെ പാസ്പോർട്ട് ഉപയോഗിച്ചു ശോഭരാജും ലെക്ലർക്കും നേപ്പാളിലേക്കു കടന്നു.
അവിടെവച്ച് ഇരുവരും ചേർന്നു കനേഡിയൻ സ്വദേശിയായ ലോറന്റ് കാരിയറിനെയും അമേരിക്ക സ്വദേശിയായ ക്രോണി ബ്രോൺസി
ച്ചിനെയും കൊലപ്പെടുത്തി. കൊല ചെയ്തശേഷം ഇരുവരും കൊല്ലപ്പെട്ടവരുടെ പാസ്പോർട്ട് ഉപയോഗിച്ചു തിരികെ തായ്ലൻഡിലേക്കു വന്നു.
സീരിയൽ കൊലപാതകങ്ങൾക്കു പിന്നിൽ ശോഭരാജ് ആണെന്ന് മനസിലാക്കിയ മൂന്ന് അനുയായികൾ പാരീസിലേക്കു മടങ്ങി.
പാസ്പോർട്ടിനു വേണ്ടി കൊല
വാരാണസിയും കോൽക്കത്തയുമായിരുന്നു ശോഭരാജിന്റെ അടുത്ത ലക്ഷ്യ സ്ഥാനങ്ങൾ.
ഇവിടെവച്ച് ഇസ്രയേൽ സ്വദേശിയായ അവോണി ജേക്കബിനെ അയാളുടെ പാസ്പോർട്ട് കൈക്കലാക്കാനായി കൊലപ്പെടുത്തി.
ജേക്കബിന്റെ പാസ്പോർട്ട് ഉപയോഗിച്ചു ശോഭരാജ് സിംഗപ്പൂരിലേക്കും ഇന്ത്യയിലേക്കും പിന്നീടു ബാങ്കോങ്കിലേക്കും യാത്ര ചെയ്തു.
യാത്രകളിൽ ഇയാൾക്കൊപ്പം ലെക്ലർക്കും ചൗധരിയും ചേർന്നു. ബാങ്കോക്കിലേക്ക് എത്തുന്പോൾ ഇവർ അറിഞ്ഞിരുന്നില്ല ഇവർ പോലീസിന്റെ സംശയ വലയിൽ ഉൾപ്പെട്ടുകഴിഞ്ഞുവെന്ന്.
ബാങ്കോക്കിലെത്തിയ സംഘത്തെ തായ്ലൻഡ് പോലീസ് ചോദ്യം ചെയ്തു.
എന്നാൽ, കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നാൽ അതു വിദേശ സഞ്ചാരികളുടെ സന്ദർശനത്തെയും അതുവഴി വിനോദസഞ്ചാര മേഖലയെയും ബാധിക്കുമോ എന്നു ഭയന്നു പ്രതികളെ വിട്ടയച്ചു.
(തുടരും)