കന്പളക്കാട്: ഇല്ലാത്ത ചാരിറ്റബിൾ സൊസൈറ്റിയുടെ രസീത് നൽകി ജനങ്ങളിൽ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തിൽ മുഖ്യ പ്രതിയെ കന്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കെവിള അയത്തിൽ റുമൈസ് മൻസിൽ ഷൗക്കത്ത് (43) നെയാണ് കൽപ്പറ്റയിൽ നിന്നും ഇന്നലെ പുലർച്ചെ പിടികൂടിയത്.
ഹാൻസ് കടത്തിയതുമായി ബന്ധപ്പെട്ട് തിരുനെല്ലി സ്റ്റേഷനിൽ നിലവിലുള്ള കേസിലെ വാറണ്ട് പ്രതികൂടിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. വ്യാജ രസീതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒളവണ്ണ പൊക്കുന്ന് അറുപുറത്ത് അബ്ദുൾ ജബ്ബാർ (48), അന്പലവയൽ ചോയിയത്ത് വീട്ടിൽ സി.എച്ച്. സലീം (20) എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു.
കന്പളക്കാട് ചിത്രമൂലയിൽ കനവ് ചാരിറ്റബിൾ സൊസെറ്റി കാഞ്ഞാവെളി മാനന്തവാടി എന്ന വിലാസത്തിലുള്ള 50 രൂപയുടെയും 20 രൂപയുടെയും രസീതുകൾ നൽകി പണപ്പിരിവ് നടത്തുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് ആദ്യം ജബ്ബാറാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 48 വ്യാജ നോട്ടീസുകളും മൂന്ന് രസീത് ബുക്കുകളും 2100 രൂപയും പിടിച്ചെടുത്തിരുന്നു. തുടർന്ന് രണ്ട് ദിവസം മുന്നേയാണ് സലീം പിടിയിലായത്. ഇയ്യാളുടെ പക്കൽ നിന്ന് 18 വ്യാജ രസീത് ബുക്കുകളും 1500 രൂപയും പോലീസ് പിടിച്ചെടുത്തു.
ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവർ, ഭിന്നശേഷിക്കാരായ കുട്ടികൾ, കാൻസർ പോലുള്ള മാരകരോഗങ്ങൾ പിടിപ്പെട്ട് ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നവർ, മാനസീക രോഗികൾ എന്നിവരെ സഹായിക്കാനാണ് എന്ന് പറഞ്ഞാണ് സംഘം പണപ്പിരിവ് നടത്തിയത്.
എന്നാൽ അന്വേഷണത്തിൽ മാനന്തവാടിയിൽ കനവ് എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റി ഇല്ലെന്ന് വ്യക്തമായിരുന്നു. റിമാൻഡിലായ അബ്ദുൾ ജബ്ബാറിനെ ചോദ്യം ചെയ്തപ്പോഴാണ് സലീമിന്റെയും ഷൗക്കത്തിന്റെയും പങ്ക് വ്യക്തമായത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായി ഷൗക്കത്തിനെ അന്വേഷിച്ച് പോലീസ് സംഘം കൊല്ലത്ത് പോയിരുന്നെങ്കിലും ഇയ്യാൾ കടന്നുകളയുടകയായിരുന്നു.
തുടർന്ന് തന്ത്രപരമായ നീക്കത്തിലൂടെ പോലീസ് ഇയ്യാളെ കൽപ്പറ്റയിൽ എത്തിക്കുകയായിരുന്നു. കൽപ്പറ്റയിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പോലീസ് ഷൗക്കത്തിനെ പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്നും നോട്ടീസും രസീത് ബുക്കുകളും കണ്ടെടുത്തു. കന്പളക്കാട് എസ്ഐ കെ.എസ്. അജേഷ്, അഡീഷണൽ എസ്ഐ ഹരിലാൽ ജി. നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എൻ. സുനിൽകുമാർ എന്നിവർ ചേർന്നാണ് ഷൗക്കത്തിനെ പിടികൂടിയത്.