സുൽത്താൻ ബത്തേരി: ചരിത്ര പഠനത്തിന് പൈതൃക മ്യൂസിയമൊരുക്കി ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ. സംസ്ഥാനത്തുതന്നെ സ്കൂളിൽ ചരിത്ര മ്യൂസിയം സ്ഥാപിക്കുന്ന ആദ്യ സ്കൂളാണിത്. നാടിന്റെ പൈതൃകവും ചരിത്രവും മനസിലാക്കാനും പഠിക്കാനും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഉപകരിക്കുന്ന വിധത്തിലാണ് മ്യൂസിയം തയാറാക്കിയിരിക്കുന്നത്.
നാട്ടിൽ നിത്യോപയോഗത്തിലുണ്ടായിരുന്നവയും കാലപ്രവാഹത്തിൽ അന്യംനിന്ന് പോയതുമായ പൈതൃക വസ്തുക്കളുടെ അഞ്ഞൂറിലധികം ഇനങ്ങളാണ് മ്യൂസിയത്തിലുള്ളത്. കാർഷിക ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, വിളക്കുകൾ, ചരിത്രപരമായ ഫോസിലുകൾ, സ്റ്റാന്പുകൾ, വാച്ച്, ക്ലോക്ക്, കാമറ, ടൈപ്പ് റൈറ്ററുകൾ, റേഡിയോ, ഗ്രാമഫോണ്‍ , താളിയോല, നാരായം തുടങ്ങിയ വസ്തുക്കളുടെ ശേഖരം മ്യൂസിയത്തിന് മികവേകുന്നു.
കേരളത്തിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാനേജ്മെന്റിന്റേയും അധ്യാപകരുടേയും പിടിഎയുടേയും വിദ്യാർഥികളുടേയും മൂന്നു വർഷം നീണ്ട പ്രയത്നഫലമാണ് ഈ മ്യൂസിയം. തമിഴ്നാട്ടിൽ നിന്നും വസ്തുക്കൾ ശേഖരിച്ചിട്ടുണ്ട്.
മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ മാനേജർ ഫാ.ജെയിംസ് പുത്തൻപറന്പിൽ അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ എൻ.യു. ടോമി, അധ്യാപകരായ ഷാജൻ സെബാസ്റ്റ്യൻ, എ.ടി. ഷാജി, പിടിഎ പ്രസിഡന്റ് എം.എസ്. ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് പി.കെ. സത്താർ എന്നിവർ പങ്കെടുത്തു.