കോഴിക്കോട്: നരിക്കുനി എംസി ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നു കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതി ചാരിറ്റി പ്രവർത്തകൻ. ചാരിറ്റി പ്രവര്‍ത്തകനും വ്ലോഗറുമായ നിതിൻ നിലമ്പൂരിനെയും സംഘത്തെയുമാണ് പോലീസ് പൊക്കിയത്.
നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടിൽ നിധിൻ കൃഷ്ണൻ (നിതിൻ നിലമ്പൂര്‍-26), പരപ്പൻ വീട്ടിൽ മുത്തു എന്നറിയപ്പെടുന്ന അമീർ (34), വെളിമണ്ണ ഏലിയപാറമ്മൽ നൗഷാദ് (29), വേനപ്പാറ കായലുംപാറ കോളനിയിൽ ബിബിൻ (25) എന്നിവരെ കൊടുവള്ളി പോലീസാണു പിടികൂടിയത്.
പ്രതികള്‍ പരിചയപ്പെട്ടത് ചാരിറ്റി ഗ്രൂപ്പുകളിലൂടെ…
ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് ജ്വല്ലറിയുടെ പുറകുവശത്തെ ചുമർ തുറക്കുന്നതിനിടെ ശബ്ദം കേട്ട് നരിക്കുനിയിൽ ഉണ്ടായിരുന്ന ഗൂർഖയും രാത്രി പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൊടുവള്ളി പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അമീറിനെ പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് നാലംഗ സംഘത്തിന്റെ ജ്വല്ലറി കവർച്ചയുടെ ചുരുളഴിഞ്ഞത്. തുടർന്ന് പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിൽ മറ്റുള്ളവരും കുടുങ്ങി.
സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ പ്രതികള്‍ കാറിൽ പോകുന്നതിനിടെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ മുടൂരിൽ വച്ചു കാർ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു.
ചാരിറ്റി ഗ്രൂപ്പുകളിലൂടെയാണ് ഇവർ പരസ്പരം പരിചയപ്പെട്ടത്. പിന്നീട് കൂടുതൽ അടുക്കുകയും കവർച്ച ആസൂത്രണം ചെയ്യുകയുമായിരുന്നു.
മുഖ്യപ്രതിയായ നിധിൻ കവർച്ചയ്ക്കായി ഓൺലൈനിൽനിന്നു പ്ലാസ്റ്റിക് പിസ്റ്റൾ വാങ്ങിയിരുന്നു. പിസ്റ്റളും കമ്പിപ്പാര, ഉളി, ചുറ്റിക, സ്ക്രൂഡ്രൈവർ, ഗ്ലൗവ്സ്, മുളകുപൊടി എന്നിവയും പോലീസ് പിടികൂടി.