കോഴിക്കോട്: ചാരിറ്റിയുടെ മറവില്‍ പീഡന ശ്രമമെന്ന് ആക്ഷേപം. മലപ്പുറം സ്വദേശി വാഖിയത്ത് കോയ എന്നയാള്‍ക്കെതിരേയാണ് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി പരാതി നല്‍കിയത്.പെൺകുട്ടിയുടെ അച്ഛന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നിരുന്നു.
ഒന്നര ലക്ഷം ബിൽ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം അടയ്ക്കാനുണ്ടായിരുന്നു. അതിനാൽ ഡിസ്ചാർജ് ആയി 20 ദിവസമായിട്ടും ആശുപത്രിയിൽനിന്നു പോകാൻ സാധിച്ചില്ല.വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടി സഹായം അഭ്യർഥിച്ച് വീഡിയോ ചെയ്തു.
ഈ വീഡിയോ കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയിൽ എത്തിയത്.താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണെന്നും സഹായിക്കാമെന്നും പറഞ്ഞായിരുന്നു പീഡനശ്രമം.പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മരുന്നുകൾ വാങ്ങി നൽകി.
തിരിച്ചുവരുന്ന സമയത്ത് വയനാട്ടിൽ പോയി റൂം എടുക്കാമെന്നും കൂടുതൽ അടുത്താൽ കൂടുതൽ സഹായിക്കാമെന്നും പറഞ്ഞു. ഇതിനിടെ ശരീരത്തിൽ പിടിക്കുകയും ചെയ്തു. ആശുപത്രിയിൽ തിരിച്ചെത്തിച്ചശേഷം ഫോണിലൂടെയും നിരന്തരം ശല്യം തുടർന്നു.
പെൺകുട്ടി എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇയാൾ പണം നൽകാൻ സാധിക്കില്ലെന്ന നിലപാടിലേക്കുമാറി. ഇയാൾ പെൺകുട്ടിക്ക് അയച്ച അശ്ലീല സന്ദേശങ്ങൾ ഉൾപ്പെടെയാണ് പോലീസില്‍ പരാതി നൽകിയത്.
ഇതിനിടെ സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കയിൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പണം അടച്ചശേഷം പെൺകുട്ടിയെയും കുടുംബത്തെയും ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. പുതിയ വാടക വീടും ഏർപ്പാടാക്കി.