ശ്രീകണ്ഠപുരം: ചാരിറ്റിയുടെ മറവിൽ പാട്ടുപാടാനെത്തി പിടിയിലായ പിടികിട്ടാപ്പുള്ളി കണ്ണൂരിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ. ഇന്നലെ ശ്രീകണ്ഠപുരത്ത് പിടിയിലായ കൊല്ലം പനയത്തെ പി.എസ്. മനീഷാണ് (41) ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി സംഗീത പരിപാടി നടത്തി പണം തട്ടിയത്.
കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂരിൽ ലോഡ്ജിലാണ് ഇയാളുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം താമസിച്ചിരുന്നത്. വൃക്കരോഗിയായ അനീഷ് ആർ. പെരിനാട് എന്ന വ്യക്തിക്ക് വേണ്ടി സംഗീത പരിപാടി നടത്തി സാമ്പത്തിക സമാഹരണം നടത്തുന്നതായി കാണിച്ചാണ് ബസ് സ്റ്റാൻഡുകളും ടൗണുകളും കേന്ദ്രീകരിച്ച് പരിപാടി നടത്തിയിരുന്നത്.
വാടകക്കെടുത്ത ടാറ്റാ സുമോയുമായാണ് വിവിധ കേന്ദ്രങ്ങളിലെത്തിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടി നടത്തിയിരുന്ന സംഘം കിട്ടുന്ന പണം വീതിച്ചെടുക്കുകയാണ് ചെയ്തിരുന്നത്.
കഴിഞ്ഞ ശനിയാഴ്ച പയ്യന്നൂരിൽ പരിപാടി നടത്തിയിരുന്ന സംഘം അവിടുന്ന് മാത്രം സമാഹരിച്ചത് 14,000 ത്തോളം രൂപയാമായിരുന്നു. ഒടുവിലാണ് ഇന്നലെ ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശന്റെ സമർഥമായ അന്വേഷണത്തിൽ കുടുങ്ങിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വൃക്കരോഗിയായ അനീഷ് ആർ. പെരിനാട് എന്ന വ്യക്തിക്ക് വേണ്ടി ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്ത് സംഗീത പരിപാടി നടത്താൻ അനുമതി തേടിയാണ് ഇയാൾ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെത്തിയത്.
ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന പി.കെ. അഷ്ടമൂർത്തിയോട് വിവരം പറഞ്ഞ് അനുമതി തേടിയെങ്കിലും സംശയം തോന്നി ഇൻസ്പെക്ടർ സുരേശനെ അറിയിക്കുകയായിരുന്നു. തുടർന്ന് അനീഷിനെ പോലീസ് ബന്ധപ്പെട്ടപ്പോൾ താനുമായി മനീഷിന് ബന്ധമില്ലെന്നും പരിപാടി നടത്താൻ ഏൽപ്പിച്ചിട്ടില്ലെന്നും അറിയിച്ചു.
തുടർന്ന് ഇയാളെ ചോദ്യം ചെയ്യുകയും കൊല്ലം ജില്ലയിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയുമായിരുന്നു.ഇതോടെ ഇയാൾ നിരവധി കേസിലെ പ്രതിയാണെന്ന് വിവരം ലഭിച്ചു. കോഴിക്കോട് റൂറലിലെ പേരാമ്പ്ര സ്റ്റേഷനിലും അത്തോളി സ്റ്റേഷനിലുമായി 12 കേസുകമാണ് ഇയാളുടെ പേരിലുള്ളത്.
അത്തോളി, പേരാമ്പ്ര സ്റ്റേഷനിലെ കേസുകളിൽ പിടികിട്ടാപ്പുള്ളിയുമാണ്.കുണ്ടറ സ്റ്റേഷനിൽ അടി കേസും അങ്കമാലി സ്റ്റേഷനിൽ ആക്സിഡന്റ് കേസിലും പ്രതിയാണ്. അത്തോളിയിലും പേരാമ്പ്രയിലും ചിട്ടി തട്ടിപ്പ് നടത്തിയാണ് ഇയാൾ മുങ്ങിയത്.
സംഗീത പരിപാടിയുമായി സംസ്ഥാനത്തിനന്റെ വിവിധ ഭാഗങ്ങളിലെത്തുന്നതിനാൽ കൃത്യമായ ലൊക്കേഷൻ ലഭിക്കാതിരുന്നതാണ് പോലീസിന് ഇയാളെ പിടികൂടുന്നതിന് തടസമായത്. പ്രതിയെ പേരാമ്പ്ര പോലീസിന് കൈമാറി.